ഏറ്റവും കൂടുതല്‍ വനിതകള്‍ പത്ത് മണിക്കൂറിലധികം പാട്ടുകള്‍ പാടിയതിന്റെയും ഏറ്റവും കൂടുതല്‍ വനിതകള്‍ തുടര്‍ച്ചയായി പരമ്പരാഗത പാട്ടുകള്‍ പാടിയതിന്റെയും ലോക റെക്കോഡുകള്‍ സ്വന്തമാക്കി കുടുംബശ്രീ. പാലക്കാട് ജില്ലയിലെ ‘തിരികെ സ്‌കൂള്‍’ ജില്ലാതല സമാപന ചടങ്ങുകളോട് അനുബന്ധിച്ച് ഇന്നലെ (ഫെബ്രുവരി 2) സംഘടിപ്പിച്ച പാട്ടുത്സവം ‘സ്വരം 2k24’ എന്ന പരിപാടിയിലൂടെയാണ് കുടുംബശ്രീ വനിതകള്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് രണ്ട് റെക്കോഡുകളുടെയും സാക്ഷ്യപത്രം സമാപന സമ്മേളനത്തില്‍ പാലക്കാട് ജില്ലാ കുടുംബശ്രീ ടീമിന് കൈമാറി.
ജില്ലയിലെ 97 സി.ഡി.എസുകളിലേയും കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും എസ്.വി.ഇ.പി പദ്ധതി അംഗങ്ങളും കുടുംബശ്രീ ജീവനക്കാരും ഉള്‍പ്പെടെ 139 സംഘങ്ങള്‍ ചേര്‍ന്നാണ് ഈ റെക്കോഡ് നേട്ടം കുടുംബശ്രീയ്ക്ക് സമ്മാനിച്ചത്. ജോബീസ് മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 1433 വനിതകള്‍ 11.25 മണിക്കൂര്‍ നേരം തുടര്‍ച്ചയായി പാട്ടുകള്‍ പാടി.
ടാലന്റ് റെക്കോഡ് ബുക്കിന്റെ ‘ലാര്‍ജസ്റ്റ് വുമണ്‍ മാരത്തണ്‍ സിങ്ങിങ്’ എന്ന റെക്കോഡും യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ‘മോസ്റ്റ് വുമണ്‍ കണ്ടിന്യൂസ്‌ലി സിങ്ങിങ് ട്രഡീഷണല്‍ സോങ്‌സ്’ എന്ന റെക്കോഡുമാണ് കുടുംബശ്രീ നേടിയത്.
ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ ചടങ്ങില്‍ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് സ്വാഗതം പറഞ്ഞു. ഗിന്നസ് സത്താര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, മറ്റ് ജൂറി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സബിത മധു നന്ദി പറഞ്ഞു.
രാവിലെ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ പ്രായം ചെന്ന കുടുംബശ്രീ അംഗമായ ചിറ്റൂര്‍ തത്തമംഗലം ദര്‍ശിനി അയല്‍ക്കൂട്ടാംഗം 91കാരി വള്ളിക്കുട്ടി അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററും ചേര്‍ന്ന് പൊന്നാടയണിച്ച് ആദരിച്ചു. സിനിമാ സീരിയല്‍ താരം അട്ടപ്പാടി തായ്കുല സംഘം ഗോത്രകലാകാരിയുമായ വടുകി അമ്മ ഗാനങ്ങള്‍ ആലപിച്ചു.