‘വേനല്‍മധുര’മായി കുടുംബശ്രീ തണ്ണിമത്തനുകള്‍, വിളവെടുപ്പ്  ആരംഭിച്ചു

ഈ വേനലില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്‍ ഉത്പാദിപ്പിക്കുക ലക്ഷ്യമിട്ട് കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട ‘വേനല്‍മധുരം’ തണ്ണിമത്തന്‍കൃഷി ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വിളവെടുപ്പ് ആരംഭിച്ചു.

14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി) 758 ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷി ചെയ്തു വരുന്നത്. ഇതില്‍ ഭൂരിഭാഗവും വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആകെ 501 സി.ഡി.എസുകളിലായി 1024 ജെ.എല്‍.ജികളിലെ 4272 അയല്‍ക്കൂട്ടാംഗങ്ങള്‍ ‘വേനല്‍ മധുരം’ തണ്ണിമത്തന്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തണ്ണിമത്തന്‍ കൃഷി ക്യാമ്പയിന്‍ മുഖേന പ്രാദേശികമായി തണ്ണിമത്തന്‍ കൃഷി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അയല്‍ക്കൂട്ടാംഗങ്ങളായ ജെ.എല്‍.ജി അംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുകയും കൂടുതല്‍ അയല്‍ക്കൂട്ടാംഗങ്ങളെ കാര്‍ഷികമേഖലയിലേക്ക് എത്തിക്കുക കൂടിയും ലക്ഷ്യമിട്ടിരുന്നു.

ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിംഗ് ,യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കൃഷി ചെയ്തിരുന്നത്.

തെരഞ്ഞെടുക്കുന്ന നിലവിലുള്ള സംഘകൃഷി ഗ്രൂപ്പുകള്‍ക്കും നാല് പുതിയ ഗ്രൂപ്പുകള്‍ക്കും കുറഞ്ഞത് ഒരു ഏക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നതിനായി നിലമൊരുക്കുന്നതിലേക്കും നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിലേക്കും പരമാവധി 25,000 രൂപ വരെ റിവോള്‍വിങ് ഫണ്ട് ആയി കുടുംബശ്രീ സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.