കുടുംബശ്രീ ബാലസഭകള്‍ കേന്ദ്രീകരിച്ച് അവധിക്കാലത്ത് തുടക്കമിട്ട ശുചിത്വോത്സവം ക്യാമ്പെയിന്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. നിലവിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളെപ്പറ്റി അറിവ് നേടുന്നതിനും ബാലസഭാംഗങ്ങളെ അവരുടെ വീടുകളിലെ മാലിന്യ സംസ്‌ക്കരണത്തില്‍ പങ്കാളികളാകാന്‍ പ്രാപ്തരാക്കുന്നതിനുമായാണ് ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വാര്‍ഡ്തല ക്യാമ്പെയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായുള്ള ക്യാമ്പെയിനില്‍ നിധി കണ്ടെത്തല്‍, കുപ്പയിലെ മാണിക്യം, പ്രകൃതിയാത്ര എന്നിങ്ങനെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പഠന റിപ്പോര്‍ട്ട് തയാറാക്കുന്നതും വാര്‍ഡ്തല നിരീക്ഷണവും സര്‍ഗ്ഗോത്സവും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടവുമാണുള്ളത്. കുട്ടികള്‍ തങ്ങളുടെ പ്രദേശത്തെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം പഠിച്ച് അതിന് പരിഹാരം കണ്ടെത്തുന്ന പഠന റിപ്പോര്‍ട്ടുകളാണ് തയാറാക്കുക. ഈ പഠന റിപ്പോര്‍ട്ടുകള്‍ നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി വഴി പൊതുധാരയില്‍ എത്തിക്കുകയും ചെയ്യും.
നിധി കണ്ടെത്തല്‍
കുട്ടികള്‍ വാര്‍ഡിലുള്ള വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും ഉപയോഗശൂന്യമായി ഉപേക്ഷിച്ച എന്നാല്‍ ഏതെങ്കിലും പ്രവര്‍ത്തനത്തിനോ കാര്യത്തിനോ ഉപയോഗിക്കാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ കണ്ടെത്തി ശേഖരിക്കുന്ന പ്രവര്‍ത്തനമാണിത്.
കുപ്പയിലെ മാണിക്യം
കുട്ടികള്‍ ശേഖരിച്ച വസ്തുക്കള്‍ ഫെസിലിറ്റേറുടെ നേതൃത്വത്തില്‍ ഉത്പന്നങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വാര്‍ഡിലെ ഒരു പൊതു ഇടത്തില്‍ സ്ഥാപിക്കാനാകുന്ന രീതിയിലുള്ള ഇന്‍സ്റ്റലേഷനും ഇങ്ങനെ നിര്‍മ്മിച്ച് സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നു. തദ്ദേശ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ഇങ്ങനെ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനമേളകളും സ്വാപ്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു.
പ്രകൃതി നടത്തം
തങ്ങളുടെ പ്രദേശത്തെ പരിസ്ഥിതി പഠനം നടത്തുന്നു. പഴയ തലമുറയില്‍ ഉള്‍പ്പെട്ടവരെ കണ്ട് സംസാരിച്ച് അവരുടെ പ്രദേശത്തെ പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കുട്ടികള്‍ നിര്‍ദ്ദേശങ്ങളും ഉപാധികളും നല്‍കുന്നു.
വാര്‍ഡ്തല പഠന റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പുറമേ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വം വിഷയമാക്കിയുള്ള കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍ഗ്ഗോത്സവങ്ങള്‍ ബാലസഭകളില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തും.