ജനുവരി 20,21 തീയതികളില്‍ കണ്ണൂര്‍ ആതിഥ്യമരുന്ന സംസ്ഥാന ബഡ്‌സ് കലോത്സവം ‘തില്ലാന’യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്‍വഹിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ ജില്ലാതല വിജയികളായ 300ലേറെ ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍ പങ്കെടുക്കും. 18 ഇനം മത്സരങ്ങളാണുണ്ടാകുക.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന 359 ബഡ്‌സ് സ്ഥാപനങ്ങളാണ് (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും -ബി.ആര്‍.സി) സംസ്ഥാനത്തുള്ളത്. ഈ സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികളുടെ മാനസിക ഉന്മേഷത്തിനും അവര്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള വേദി ഒരുക്കുന്നതിനായാണ് എല്ലാവര്‍ഷവും കുടുംബശ്രീ ജില്ലാ, സംസ്ഥാനതല ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജനുവരി 11ന് ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, ഇ.വി. വിജയന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് എഫ്.ഒ. മുകുന്ദന്‍, സീനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ആര്യ, വിനേഷ്. പി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ അഞ്ജന, ആഹ്ലാദ് ടി എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ ബഡ്‌സ് സ്ഥാപങ്ങളിലൂടെ 11,642 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു.