Kudumbashree-Arangu-2024-inauguration

സപ്തഭാഷാ സംഗമഭൂമിയിൽ ആവേശത്തിരയിളക്കി അരങ്ങുണര്‍ന്നു

കലയുടെ കേളികൊട്ടുയര്‍ത്തി ആവേശത്തിന്‍റെ അകമ്പടിയോടെ കുടുംബശ്രീയുടെ അഞ്ചാമത് അരങ്ങ് കലോത്സവത്തിന് പിലിക്കോട് തിരിതെളിഞ്ഞു. കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അരങ്ങ്-2024 കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.  

സ്ത്രീപക്ഷ നവകേരളമെന്ന ആശയത്തിലൂന്നി സ്ത്രീ പദവി ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ ശ്രദ്ധേയമായ പങ്കു വഹിച്ചെന്നും  കലോത്സവങ്ങളിലൂടെ കൈവരിക്കുന്ന സാംസ്കാരിക ശക്തീകരണം അതിന്‍റെ തെളിവാണെന്നും അരങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. അയല്‍ക്കൂട്ടങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തുക എന്നതാണ് കലോത്സവത്തിന്‍റെ ലക്ഷ്യം. ലോകത്തെവിടെയെങ്കിലും നാല്‍പ്പത്തിയാറ് ലക്ഷം വനിതകള്‍ അംഗങ്ങളായിട്ടുളള ഒരു സ്ത്രീകൂട്ടായ്മയുണ്ടെങ്കില്‍ അത് കേരളത്തിലെ കുടുംബശ്രീയാണ്. ഇന്ന് പുരുഷനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ കരുത്തു നേടിയിട്ടുണ്ട്. കുടുംബശ്രീയുടെ കരുത്തുറ്റ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് നേതൃശേഷി നേടാന്‍ കഴിഞ്ഞു. അതിന്‍റെ തെളിവാണ് തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനുള്ള തീരുമാനം. വികസന രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി കുടുംബശ്രീ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്ക് സാംസ്കാരിക ശാക്തീകരണം കൈവരിക്കാന്‍ കഴിയുന്നതില്‍ കുടുംബശ്രീ മുഖ്യപങ്കു വഹിക്കുന്നുവെന്നും അരങ്ങ് കലോത്സവം അതിന്‍റെ മുഖ്യവേദിയാണെന്നും എം.രാജഗോപാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അരങ്ങ് കലോത്സവത്തിന്‍റെ ലോഗോ,  ടാഗ് ലൈന്‍ ഡിസൈന്‍ മത്സരവിജയികളായ ഹരീഷ് ഉദയഗിരി, ഹരികൃഷ്ണന്‍ എം. എന്നിവര്‍ക്ക് യഥാക്രമം 25,000, 10000 രൂപയുടെ കാഷ് അവാര്‍ഡും മെമന്‍റോയും ഉള്‍പ്പെടുന്ന  പുരസ്കാരം സമ്മാനിച്ചു.

കാസര്‍കോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ പി.പി. ദിവ്യ, ജില്ലാകളക്ടര്‍ ഇമ്പശേഖര്‍. കെ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാത്ഥികളായി.

കാസര്‍കോട് മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അബ്ബാസ് ബീഗം,  നഗരസഭാധ്യക്ഷമാരായ കെ.വി. സുജാത, ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷമീന ടീച്ചര്‍, സിജി മാത്യു, എം. ലക്ഷ്മി, മാധവന്‍ മണിയറ,  കെ. മണികണ്ഠന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്, പി.പി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്കെ.എം. ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്രാജു കട്ടക്കയം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എ.പി. ഉഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ. രവി, കുടുംബശ്രീ ഡയറക്ടര്‍, ബിന്ദു. കെ.എസ്, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.പി.പി. മുസ്തഫ, സി.ഡി.എസ് അധ്യക്ഷമാരായ പി.ശാന്ത,  ഇ.കെ. ബിന്ദു, കെ. ശ്രീജ, പി.എം. സന്ധ്യ, ആര്‍. രജിത, എം. മാലതി, സി. റീന എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററും സംഘാടക സമിതി കണ്‍വീനറുമായ സുരേന്ദ്രന്‍ ടി.ടി സ്വാഗതവും അസിസ്റ്റന്‍റ് കോര്‍ഡിനേറ്ററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ഡി.ഹരിദാസ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം ചന്തേര ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ നിന്നും അയ്യായിരത്തിലേറെ വനിതകള്‍ അണിനിരന്ന വര്‍ണശബളമായ ഘോഷയാത്രയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. വനിതകളുടെ ശിങ്കാരി മേളം,ബാന്‍ഡ് മേളം,  വിവിധ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ നിറങ്ങളിലെ മുത്തുക്കുട ചൂടിയ ആയിരത്തിലേറെ വനിതകളും ഘോഷയാത്രയില്‍ അണിനിരന്നു. ജില്ലയിലെ വിവിധ ബ്ളോക്ക് സി.ഡി.എസുകളില്‍ നിന്നുള്ള വനിതകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.