സര്‍ഗ്ഗം 2023 – ചെറുകഥാരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച ‘സര്‍ഗ്ഗം-2023’ സംസ്ഥാനതല ചെറുകഥാരചന മത്സരത്തില്‍ ഇടുക്കി മുനിയറ സ്വദേശി സിന്ധു തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘സദൃശ്യവാക്യങ്ങള്‍’ എന്ന കഥയാണ് സിന്ധുവിനെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

‘പ്രകൃതി നിര്‍ദ്ധാരണത്തില്‍ തോറ്റു പോയവര്‍ ഡാര്‍വിനെ തേടുന്നു’ എന്ന ചെറുകഥ രചിച്ച വയനാട് സ്വദേശിനി സഫ്വാന. എന്‍ രണ്ടാം സ്ഥാനവും ‘മാതംഗി’ എന്ന ചെറുകഥ രചിച്ച ധന്യ ഷംജിത്ത് (എറണാകുളം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവര്‍ക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് പ്രൈസും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

അനുജ ബൈജു (കോട്ടയം), രഞ്ജിനി ഇ.പി (കോട്ടയം), ജിജി കെ.വി (പാലക്കാട്), റോഷാ ലിജിന്‍ (തൃശൂര്‍) ശ്രീദേവി കെ.ലാല്‍ (എറണാകുളം) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഇവര്‍ക്ക് 1500 രൂപ വീതം ക്യാഷ് പ്രൈസും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ആകെ 763 രചനകളാണ് മത്സരത്തില്‍ ലഭിച്ചത്. കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ. രേഖ, സിതാര. എസ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ചുവരുന്ന ദേശീയ സരസ് മേളയുടെ ഡിസംബര്‍ 31ലെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.