‘സര്‍ഗ്ഗം-2023’ സാഹിത്യ ശിൽപ്പശാല സമാപിച്ചു

കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് വേണ്ടി മൂന്ന് ദിനങ്ങളിലായി തൃശ്ശൂർ കില ആസ്ഥാനത്ത് സംഘടിപ്പിച്ച ‘ സർഗ്ഗം -2023’ ത്രിദിന സാഹിത്യ ശിൽപ്പശാല സമാപിച്ചു. കുടുംബശ്രീയും കേരള സാഹിത്യ അക്കാഡമിയും കിലയും  സംയുക്തമായി സംഘടിപ്പിച്ച ഈ ശിൽപ്പശാലയിൽ 45ഓളം വനിതകൾ ഭാഗമായി. മലയാളത്തിലെ 30 ഓളം പ്രമുഖ സാഹിത്യകാരന്മാർ നയിച്ച വിവിധ വിഷയങ്ങളിലുള്ള സെഷനുകൾ ഇവർക്ക് എഴുത്തിൽ വേറിട്ട വഴികൾ തുറന്നു നൽകി.

സമാപന ദിനമായ ഇന്ന്  ‘സഞ്ചാര സാഹിത്യത്തിലെ പാദമുദ്രകള്‍’ എന്ന വിഷയത്തില്‍ കെ.എ. ബീന, ‘മലയാളത്തിലെ ഇ-എഴുത്ത് സങ്കേതങ്ങള്‍’ എന്ന വിഷയത്തില്‍ ശ്രീബാല കെ. മേനോന്‍ എന്നിവര്‍ കുടുംബശ്രീ വനിതകളുമായി മൂന്നാം ദിനം സംവദിച്ചു.

 കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് അവലോകനവും അദ്ദേഹം നടത്തി. കുടുംബശ്രീ  അസിസ്റ്റന്‍റ് ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ് കെ.കെ സ്വാഗതവും സാഹിത്യ അക്കാഡമി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.  സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

അയല്‍ക്കൂട്ട വനിതകൾക്കായി കുടുംബശ്രീ സംഘടിപ്പിച്ച സംസ്ഥാനതല കഥാരചന മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും മികച്ച കഥകളയച്ചവരെ ഉള്‍പ്പെടുത്തിയാണ് സാഹിത്യക്യാമ്പ് സംഘടിപ്പിച്ചത്.