സി.ഡി.എസ് അംഗങ്ങള്‍ക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ പൂവണിയുന്നത് കുടുംബശ്രീയുടെ ചിരകാല ആവശ്യം. കുടുംബശ്രീ നടപ്പാക്കുന്ന എല്ലാ ദാരിദ്ര്യനിര്‍മാര്‍ജന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക സ്ഥാനം ഏറ്റെടുത്തുകൊണ്ട് സന്നദ്ധ പ്രവര്‍ത്തകരായി രംഗത്തുള്ള സി.ഡി.എസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരം കൂടിയാണിത്. 18,400 ഓളം വരുന്ന സി.ഡി.എസ് അംഗങ്ങള്‍ക്കായി പ്രതിവര്‍ഷം 11.02 കോടിയാണ് ഈ ഇനത്തില്‍ വിനിയോഗിക്കുന്നത്.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നവരാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന സി.ഡി.എസ് അംഗങ്ങള്‍. ഇവരില്‍ ഭൂരിഭാഗവും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. കുടുംബശ്രീ ത്രിതല സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി താഴെത്തട്ടില്‍ എത്തിക്കുന്നതിലും ഇവര്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇതിനു പുറമേ പ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി നിലകൊണ്ടത് സി.ഡി.എസ് അംഗങ്ങളാണ്.
2021-ലെ ബജറ്റിലാണ് സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭായോഗം ഇത് അംഗീകരിച്ചതോടെ പുതുവര്‍ഷ സമ്മാനം ലഭിച്ച ആവേശത്തിലാണ് സി.ഡി.എസ് അംഗങ്ങള്‍. കുടുംബശ്രീയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ പ്ളാന്‍ ഫണ്ടിലും സി.ഡി.എസ് അംഗങ്ങളുടെ യാത്രാബത്ത അനുവദിക്കുന്നതിന് 11.02 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.