ഹരിത സമൃദ്ധി – കുടുംബശ്രീ ശീതകാല പച്ചക്കറി കൃഷി സംസ്ഥാനമൊട്ടാകെ പുരോഗമിക്കുന്നു

ഒക്ടോബറില്‍ സംസ്ഥാനതലത്തില്‍ തുടക്കമായ കുടുംബശ്രീ ഹരിത സമൃദ്ധി ശീതകാല പച്ചക്കറി കൃഷി ക്യാമ്പയിന്‍ ജില്ലകളിലെങ്ങും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ കാര്‍ഷിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ കൂട്ടുകൃഷി സംഘാംഗങ്ങളിലൂടെ (ജെ.എല്‍.ജി – ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്ന ശീതകാല പച്ചക്കറികളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പോഷക സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഹരിത സമൃദ്ധിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

കാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, മുള്ളങ്കി എന്നീ ശീതകാല വിളകള്‍ക്കൊപ്പം മുളക്, വെണ്ട, ചീര, തക്കാളി, വഴുതന, പയര്‍, വെള്ളരിവര്‍ഗ്ഗങ്ങള്‍, തണ്ണിമത്തന്‍ എന്നിങ്ങനെയുള്ള വിളകളാണ് ഹരിത സമൃദ്ധി ക്യാമ്പെയിന്റെ ഭാഗമായി കൃഷി ചെയ്തുതുടങ്ങിയിരിക്കുന്നത്.