കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ ഇന്ന് കടന്ന് ചെല്ലാത്ത മേഖലകളില്ല..പലവുരു പറഞ്ഞും എഴുതിയും പഴകിയ ഈ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കുന്നു. അവയവദാന രംഗത്ത് വിസ്മരിക്കാനാകാത്ത ഇടപെടല്‍ നടത്തിയ കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ സി.ഡി.എസാണ് സമസ്തമേഖലകളിലുമുള്ള കുടുംബശ്രീ സാന്നിധ്യത്തെക്കുറിച്ച് ആവര്‍ ത്തിക്കുന്നതിന് പ്രേരണയായത്.
സി.ഡി.എസിലെ 2500 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ മരണാനന്തര അവയവദാനത്തിന് സമ്മത പത്രം ഒപ്പിട്ട് കൈമാറിയിരിക്കുകയാണിപ്പോള്‍! കുടുംബശ്രീയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സി.ഡി.എസ് രൂപം നല്‍കിയ ‘ജീവനം’ പദ്ധതിയിലൂടെയാണ് ഈ പ്രവര്‍ത്തനം.
കോട്ടൂര്‍ പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ നടന്ന ജീവനം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായത് 2023 ജൂണിലാണ്. ഈ ഘട്ടത്തില്‍ അവയവദാനത്തെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തുന്നതിനായി സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശില്‍പ്പശാലകളും ക്ലാസ്സുകളും വീടുതോറും ലഘുലേഖകള്‍ വിതരണം ചെയ്തുള്ള പ്രചാരണവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിന് ശേഷമാണ് 2500 അയല്‍ക്കൂട്ടാംഗങ്ങള്‍ അവയവദാനത്തിനായി മുന്നോട്ട് വന്നതും സമ്മതപത്രത്തില്‍ ഒപ്പിട്ടതും. പൊതുജനങ്ങള്‍ക്കും അവയവദാനത്തിന് സമ്മതപത്രം നല്‍കാന്‍ ജീവനം പദ്ധതിയുടെ ഭാഗമായി അവസരമൊരുക്കിയിരുന്നു.
ഫെബ്രുവരി 27ന് കൂട്ടാലിടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവയവദാന സമ്മത പത്രം കോട്ടൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു.എം. ഷീനയും, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷും ചേര്‍ന്ന് മട്ടന്നൂര്‍ എം.എല്‍എ യും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ഷൈലജ ടീച്ചര്‍ക്ക് കൈമാറി.
നാടിന് മുഴുവന്‍ മാനവികതയുടെ സന്ദേശം പകര്‍ന്നു കൊണ്ട് ഇങ്ങനെയൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കോട്ടൂര്‍ സി.ഡി.എസിനും പൂര്‍ണ്ണ പിന്തുണയേകിയ പഞ്ചായത്തിനും അവയവദാനത്തിന് മുന്നോട്ട് വന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.