കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടതല ആരോഗ്യ സഭ സംഘടിപ്പിച്ച് കുടുംബശ്രീ വയനാട് ജില്ലാ ടീം. ‘കവചം 2021’ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പ്രാദേശിക ചാനലുകളിലൂടെ ഓഗസ്റ്റ് 9നാണ് ഈ കോവിഡ് പ്രതിരോധ സഭ സംഘടിപ്പിച്ചത്. വയനാട് മിഷന്‍, മലനാട് എന്നീ ചാനലുകളിലൂടെ നടത്തിയ പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാ അംഗങ്ങളായ ഒ.ആര്‍. കേളു, ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ.എ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത എന്നിവര്‍ സംവദിച്ചു.
അയല്‍ക്കൂട്ടാംഗങ്ങള്‍ കോവിഡ് പ്രതിജ്ഞ ഏറ്റു ചൊല്ലി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യ സഭകളിലൂടെ ബോധവല്‍ക്കരണ യോഗങ്ങള്‍ ചേരുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം കൂടെ അടുത്ത ദിവസം പ്രഖ്യാപിക്കും. നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, ബോധവത്ക്കരണ സന്ദേശമടങ്ങിയ കലാപ്രകടനവും കാഴ്ച്ചവച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ട്രോള്‍ മേക്കിംഗ്, കാര്‍ട്ടൂണ്‍ രചന, ബാലസഭ കുട്ടികള്‍ക്ക് പോസ്റ്റര്‍ തയാറാക്കല്‍, കവിതാ രചന, ഹ്രസ്വ ചിത്ര നിര്‍മ്മാണം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും ക്യാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ചു.