ആലപ്പുഴ നഗരസഭയിലെ മഹിളാ മന്ദിര അന്തേവാസികളുടെ ‘മഹിളാ- ശ്രേയസ്’ അച്ചാര്‍ യൂണിറ്റിന് തുടക്കം

ദേശീയ നഗര ഉപജീവന പദ്ധതിക്ക് (എന്‍.യു.എല്‍.എം) കീഴില്‍ ആലപ്പുഴ നഗരസഭയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസികളുടെ മഹിളാ- ശ്രേയസ് അച്ചാര്‍ യൂണിറ്റിന് തുടക്കമായി. നേരത്തേ എന്‍.യു.എല്‍.എം ന്റെ ഭാഗമായി മഹിളാ മന്ദിരത്തിലെ അന്തേവാസികളെ ചേര്‍ത്ത് ‘മഹിളാശക്തി ‘ അയല്‍ക്കൂട്ടം രൂപീകരിച്ചിരുന്നു. പോക്സോ കേസ് ഇരകള്‍, വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒറ്റപ്പെട്ടുപോയവര്‍, പല ഇടങ്ങളില്‍ നിന്ന് അക്രമങ്ങള്‍ നേരിടേണ്ടി വന്നവര്‍, ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍, അല്ലെങ്കില്‍ അതിജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവര്‍ എന്നിങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും അതുവഴി നിലനില്‍പ്പും ഉറാപ്പാക്കുക എന്നത് ആലപ്പുഴ നഗരസഭയിലെ എന്‍.യു.എല്‍.എം ടീമിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.

ഇതിന്റെ ഭാഗമായാണ് മഹിളാ മന്ദിര അന്തേവാസികള്‍ക്ക് ഭക്ഷ്യ സംസ്‌ക്കരണത്തില്‍ പരിശീലനം ലഭ്യമാക്കി, അച്ചാര്‍ യൂണിറ്റ് ആരംഭിച്ചത്. സംരംഭത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യാരാജ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, നഗരസഭാ സെക്രട്ടറി നീതു ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ നിസാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത, സിറ്റി പ്രോജക്ട് ഓഫീസര്‍ വര്‍ഗീസ് കെ.പി,  എന്‍.യു.എല്‍.എം മാനേജര്‍ ശ്രീജിത്ത്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ആശ, മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ സൂര്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.