കുടുംബശ്രീ ഓണം വിപണനമേളകളിലൂടെയും ഓണച്ചന്തകളിലൂടെയും 12.45 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ഓണക്കാലത്ത് കുടുംബശ്രീ നടത്തിയ ഓണം വിപണനമേളകളിലൂടെയും ഓണച്ചന്തകളിലൂടെയും 12.45 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസംഘാംഗങ്ങള്‍ക്കും മികച്ച വിപണനത്തിനുള്ള അവസരം ഒരുക്കുന്നതിനായി ഓഗസ്റ്റ് 16 മുതലാണ് ഓണം വിപണന മേളകള്‍, ഓണച്ചന്തകള്‍ എന്നിവ സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനതലത്തിലും ജില്ലാതലത്തിലും സാധ്യമാകുന്നിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചായിരുന്നു മേളകളുടെ സംഘാടനം.

കുടുംബശ്രീ മാത്രമായും സപ്ലൈകോ, കൃഷിവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചും ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചിരുന്നു. ആകെ 905 ഓണം വിപണനമേളകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അതാത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കൂടാതെ 21 ജില്ലാതല മേളകളും ഒരുക്കി. ഇതില്‍ ആകെ ആകെ 9,64,29,930 രൂപയുടെ വിറ്റുവരവ് നേടി. 19,704 സംരംഭകരുടെ ഉത്പന്നങ്ങളും 16,434 കൃഷി സംഘങ്ങളുടെ പച്ചക്കറി ഉത്പന്നങ്ങളും ഓണം വിപണന മേളകളിലൂടെ ലഭ്യമാക്കി. മലപ്പുറം, കൊല്ലം ജില്ലകളിലായി ഒമ്പത് സി.ഡി.എസുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളടങ്ങിയ 2429 കിറ്റുകളും അതാത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ തയാറാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്തു.

കുടുംബശ്രീ കൃഷി സംഘങ്ങളുടെ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്- ജെ.എല്‍.ജി) ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സി.ഡി.എസ് തലത്തില്‍ സംഘടിപ്പിച്ച ഓണച്ചന്ത കളിലൂടെ 2,80,61,461.4 രൂപയുടെ വിപണനവും നടത്തി. 27,442 കൃഷി സംഘങ്ങളുടെ 7.53 ലക്ഷം കിലോഗ്രാം ഉത്പന്നങ്ങളാണ് ഈ ചന്തകളിലൂടെ ഓണക്കാലത്ത് പൊതുജന ങ്ങള്‍ക്കായി ലഭ്യമാക്കിയത്.