വിവാഹം ഒരു കച്ചവടമോ?- ക്ലബ് ഹൌസ് സംവാദം സംഘടിപ്പിച്ച് കാസറഗോഡ് സ്‌നേഹിത

കാസറഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍, സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ 'വിവാഹം ഒരു കച്ചവടമോ?'എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസ് സംവാദം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. വിവാഹവും സ്ത്രീധനവും ആയി ബന്ധപ്പെട്ട് സമകാലിക സംഭവങ്ങളിലൂന്നിയും കുടുംബത്തിലും സമൂഹത്തിലും സമൂഹ മനസ്ഥിതിയിലും വരേണ്ട മാറ്റങ്ങളെ പറ്റിയും സജീവമായി ചര്‍ച്ച നടന്നു. സമൂഹത്തിലുളവാകേണ്ട മനോഭാവ മാറ്റത്തെ പറ്റിയും, മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്ന് തന്നെയാണെന്നുമുള്ള അഭിപ്രായം ഈ സംവാദത്തില്‍ ഉയര്‍ന്നു. ഇത്തരം തുടര്‍ച്ചയായ പരിപാടികള്‍ ഇനിയും സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ബോധവത്കരണം സൃഷ്ടിക്കാനാണ് സ്‌നേഹിത ലക്ഷ്യമിട്ടിരിക്കുന്നത്. ജെന്‍ഡര്‍ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയി.