കുടുംബശ്രീ ‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിങ് മേള സെപ്റ്റംബര്‍ 15 വരെ നീട്ടി

www.kudumbashreebazaar.com വെബ് പോര്‍ട്ടലിലൂടെ കുടുംബശ്രീ സംരംഭകരുടെ ആയിരത്തോളം ഉത്പന്നങ്ങള്‍ ലഭ്യം.
ആകര്‍ഷകമായ മികച്ച ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളും സൗജന്യ ഡെലിവറിയും.

തിരുവനന്തപുരം : കുടുംബശ്രീയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലായ www.kudumbashreebazaar.com മുഖേന സംഘടിപ്പിക്കുന്ന ‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 15 വരെ നീട്ടി. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന 1000ത്തോളം ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ വാങ്ങാനുള്ള അവസരമാണ് മേളയിലൂടെ ലഭിക്കുന്നത്. പരിശുദ്ധവും നാടനുമായ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുന്ന www.kudumbashreebazaar.com  എന്ന പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 18 മുതല്‍ ആരംഭിച്ച ഈ മേളയ്ക്ക് നിലവില്‍ മികച്ച പ്രതികരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചുവരുന്നത്. ഇതോടെയാണ് ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട ‘ഓണം ഉത്സവ്’ സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്.

ഉത്പന്നങ്ങള്‍ക്കെല്ലാം 40% വരെ ഡിസ്‌കൗണ്ട് നല്‍കുന്നതിന് പുറമേ 1000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും സൗജന്യമായി എത്തിച്ച് നല്‍കാനുള്ള ഫ്രീ ഡെലിവറി സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കൂടാതെ മികച്ച കോംബോ ഓഫറുകളും ഓണം ഉത്സവിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.

തേന്‍, റാഗി, കൂവപ്പൊടി, കുരുമുളക്, ജൈവ അരി, ജാം, കശുവണ്ടി, വിവിധ അച്ചാറുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, മസാലകള്‍, ധാന്യപ്പൊടികള്‍, ടോയ്‌ലറ്ററീസ്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ www.kudumbashreebazaar.com എന്ന പോര്‍ട്ടലിലൂടെ ലഭ്യമാണ്.