കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായി റിവോള്‍വിങ് ഫണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി 19,489 എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) അട്ടപ്പാടിയിലെ 133 ഊരുസമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാല്‍നൂറ്റാണ്ട് തികയുന്ന കുടുംബശ്രീ പ്രസ്ഥാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുപരിയായി സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകെ ചുക്കാന്‍ പിടിക്കുന്ന സംവിധാനമെന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും കുടുംബശ്രീ അംഗങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടി നിരവധി സേവനങ്ങള്‍ നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 196.22 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതാത് എ.ഡി.എസുകള്‍, പ്രത്യേക മാനദണ്ഡം അനുസരിച്ച് അര്‍ഹതയുള്ള ഒരു അയല്‍ക്കൂട്ടത്തിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെ റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കും. ഇങ്ങനെ ലഭിക്കുന്ന തുക അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയാതെ വന്നതും സൂക്ഷ്മ സംരംഭങ്ങള്‍ നഷ്ടത്തിലായതുമടക്കം കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പദ്ധതി മൂലം കഴിയുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കുന്നതെന്നും സര്‍ക്കാരിന്റെ വിവിധങ്ങളായ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നന്ദി അറിയിച്ചു.


തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ സി.ഡി.എസിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം സി.ഡി.എസിലും ഫണ്ട് വിതരണോദ്ഘാടനവും തുടര്‍ന്ന് നടന്നു. വാമനപുരം എം.എല്‍.എ ഡി.കെ മുരളി, പനവൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണും കണ്ണൂർ ജില്ലാ  പഞ്ചായത്ത് ആരോഗ്യം – വിദ്യാഭ്യാസം  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്‌നകുമാരി, പരിയാരം സി.ഡി.എസ് ചെയര്‍പേഴ്‌സണും റിവോള്‍വിങ് ഫണ്ട് തുക കൈമാറി.