1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചു;

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ്  പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 266 ജനകീയ ഹോട്ടലുകള്‍ എപ്ളസ് ഗ്രേഡും, 359 എണ്ണം ‘എ’ ഗ്രേഡും, 285 എണ്ണം ‘ബി’ ഗ്രേഡും, 185 എണ്ണം ‘സി’ ഗ്രേഡും നേടി.  പ്രത്യേകം നിര്‍ണയിക്കപ്പെട്ട സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടല്‍ സംരംഭങ്ങളുടെ  പ്രവര്‍ത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുകയും അടുത്തതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്സിഡിയും റിവോള്‍വിങ്ങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്ങ് പൂര്‍ത്തീകരിക്കുകയായിരുന്നു.  നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ്ങ് കൈവരിക്കാന്‍ കഴിയാതെ പോയ സംരംഭകര്‍ക്ക് അത് നേടുുന്നതിനാവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.
പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെയാണ് ജനകീയ ഹോട്ടലുകള്‍ വഴിയുള്ള വില്‍പന. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ പ്രാദേശിക സാധ്യതക്കനുസൃതമായി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതിലൂടെ കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് ‘വിശപ്പുരഹിത കേരളം’. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അഗതികളും വയോജനങ്ങളും നിരാലംബരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ആദ്യഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന്‍ എന്ന നിലയ്ക്കാണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന്‍ എന്നതു മാറ്റി ‘കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍’ എന്ന് പേര് മാറ്റുകയായിരുന്നു.  തദ്ദേശ  സ്വയംഭരണ  സ്ഥാപനങ്ങളും ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പുമായി ചേര്‍ന്നു കൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍ ഇരുപത് രൂപയ്ക്കാണ് ഇവിടെ നിന്നും ഉച്ചയൂണ് ലഭിക്കുക. പദ്ധതി വഴി 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിര വരുമാനം നേടാന്‍ കഴിയുന്നുണ്ട്.