എസ്.വി.ഇ.പി : ദേശീയ മാതൃക സൃഷ്ടിച്ച് കുടുംബശ്രീ, വിജയകരമായി ആദ്യഘട്ടം

ഗ്രാമീണ മേഖലയില്‍ സംരംഭ വികസനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ആദ്യഘട്ടത്തിന് വിജയകരമായ പര്യവസാനം. കൃഷി, മൃഗസംരക്ഷണം എന്നീ രണ്ട് മേഖലകളിലൊഴികെ നോണ്‍ ഫാം മേഖലയില്‍ നിശ്ചിത എണ്ണം സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായവും പിന്തുണാ സഹായങ്ങളുമാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ നാല് വര്‍ഷങ്ങള്‍ക്കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി മുഖേന പ്രധാനമായും നല്‍കുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ എസ്.വി.ഇ.പി.യുടെ കേരളത്തിലെ ആദ്യഘട്ടത്തിന് എറണാകുളം ജില്ലയിലെ വടവുകോടും പത്തനംതിട്ട ജില്ലയിലെ പറക്കോടുമാണ് തുടക്കമിട്ടത്. 2016-ല്‍ അംഗീകാരം ലഭിച്ച്, 2017 ജനുവരി മുതല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2021 മാര്‍ച്ച് മാസത്തോടെ വിജയകരമായി പര്യവസാനിച്ചു. ഈ രണ്ട് ബ്ലോക്കുകളിലെയും പ്രവര്‍ത്തനങ്ങള്‍  ദേശീയതലത്തില്‍ തന്നെ മാതൃകാ പദ്ധതികളായി അംഗീകരിക്കപ്പെടുകയും ചെയ്തു. വടവുകോട് 2,054 സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇതുവരെ 2,129 സംരംഭങ്ങള്‍ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. പറക്കോട് 2,164 സംരംഭങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നു. അവിടെ 2,089 സംരംഭങ്ങളും ആരംഭിച്ചു.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.ആര്‍.എല്‍.എം) മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വടവുകോട്, പറക്കോട് ബ്ലോക്കുകള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. പ്രകൃതി വിഭവങ്ങളും സംരംഭ സാധ്യതകളും അറിയാന്‍ പ്രാരംഭ സര്‍വ്വേ, സംരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങേകാന്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ (എം.ഇ.സി) നിയമനവും പരിശീലനവും, പദ്ധതിയുടെ മേല്‍നോട്ടം നടത്താനും നേതൃത്വം നല്‍കാനും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്റെ (ബി.എന്‍.എസ്.ഇ.പി) രൂപീകരണവും സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനും, സംരംഭ രൂപീകരണവും വികസനവുമായി ബന്ധപ്പെട്ട ഏതൊരു സഹായത്തിനും ഏതൊരാള്‍ക്കും പിന്തുണ നല്‍കുന്നതിനായി ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് റിസോഴ്സ് സെന്റര്‍ (ബി.ആര്‍.സി) രൂപീകരണം എന്നിവയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളായി ഇരു ബ്ലോക്കുകളിലും നടത്തിയത്. പിന്നീട് എം.ഇ.സിമാര്‍ മുഖേന അയല്‍ക്കൂട്ടങ്ങളില്‍ ബോധവത്ക്കരണം നടത്തി സംരംഭങ്ങളാരംഭിക്കാന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങളെയോ അവരുടെ കുടുംബാംഗങ്ങളെയോ കണ്ടെത്തി, അവര്‍ക്ക് വിവിധ പരിശീലനങ്ങളും നല്‍കി. വേണ്ട മൂലധനം ലഭ്യമാക്കി, സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങളും വിപണന പിന്തുണയുമേകി. കുറഞ്ഞത് ഒരു വര്‍ഷം ഈ സംരംഭങ്ങള്‍ക്ക് ഹാന്‍ഡ്ഹോള്‍ഡിങ് പിന്തുണയും എം.ഇ.സി.മാര്‍ നല്‍കുന്നു. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു സംരംഭങ്ങളുടെ ഓരോ മാസത്തെയും വരുമാനവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്.

നാല് വര്‍ഷ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞുവെങ്കിലും തുടര്‍ വര്‍ഷങ്ങളില്‍ ബി.എന്‍.എസ്.ഇ.പി., ബി.ആര്‍.സി. എന്നിവയിലൂടെയും കുടുംബശ്രീ  സംവിധാനത്തിലൂടെയും ഈ സംരംഭകര്‍ക്ക് വേണ്ടത്ര തുടര്‍ പിന്തുണ നല്‍കാനും, വളര്‍ച്ചയ്ക്ക് സാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി സ്‌കെയില്‍അപ്പ് ചെയ്യുന്നതിനും ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നു.