കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ- പദ്ധതി നടത്തിപ്പ് ഔദ്യോഗിക പ്രഖ്യാപനവും മാർഗ്ഗരേഖാ പ്രകാശനവും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ഓക്സിലറി ഗ്രൂപ്പുകളിൽ അംഗമാകാം.
ഒക്ടോബർ രണ്ടു മുതൽ പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും.

യുവതികളുടെ സാമൂഹിക, സാംസ്കാരിക, ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും. ഒക്ടോബർ രണ്ടു മുതൽ സംസ്ഥാനത്ത് പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും. കുടുംബശ്രീ രൂപീകരിച്ച് 23 വർഷം പൂർത്തിയാകുമ്പോൾ കുടുംബശ്രീക്ക് സമാനമായ രീതിയിൽ ചൈതന്യവത്തായ ഒരു യുവനിരയെ സൃഷ്ടിക്കുക എന്നതാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതു വഴി ലക്ഷ്യമിടുന്നത്.  ഗ്രൂപ്പ് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മാർഗ്ഗരേഖാ പ്രകാശനവും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

നിലവിൽ 45 ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളാണ്. എന്നാൽ ഇവരിൽ 18നും 40നും ഇടയിൽ പ്രായമുളളവർ 10 ശതമാനം മാത്രമാണ്. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം എന്നു പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ രണ്ടാമതൊരാൾക്ക് അംഗത്വവും ലഭിക്കില്ല. ഇക്കാരണങ്ങൾ കൊണ്ട് കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം യുവതികൾക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഫലങ്ങൾ ലഭ്യമാകുന്നില്ല. ഇങ്ങനെയുളള പരിമിതികൾ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനും അവരെ പൊതുധാരയിൽ കൊണ്ടു വരുന്നതിനും സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം നൽകുന്നതും ലക്ഷ്യമിട്ടാണ് ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം.

അഭ്യസ്തവിദ്യരായ യുവതികൾക്ക് നൂതനമായ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിവിധ തൊഴിൽ രംഗത്ത് മുന്നേറാൻ കഴിയും വിധം അവരെ നൈപുണ്യമുള്ളവരാക്കി മാറ്റുന്നതിനും കഴിയും. സ്ത്രീധന പീഡനം ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംവദിക്കുന്നതിനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള കരുത്തുറ്റ വേദികളായി ഓക്സിലറി ഗ്രൂപ്പുകളെ രൂപപ്പെടുത്തും. കൂടാതെ സമൂഹത്തിലെ ഇടപെടൽ ശേഷി വർധിപ്പിക്കുന്നതും സർഗശേഷിയെ പരിപോഷിപ്പിക്കുന്നതും അടക്കമുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു പൊതുവേദി എന്ന നിലയ്ക്ക് ഇവരുടെ വ്യക്തിത്വത്തിന്റെ സമഗ്രവികാസമാണ് ഓക്സിലറി അയൽക്കൂട്ടങ്ങൾ വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്.

പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. വാർഡുതലത്തിൽ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരണം. ഒരു വാർഡിൽ ഒരു ഗ്രൂപ്പു വീതം ഇരുപതിനായിരം ഗ്രൂപ്പുകളെങ്കിലും ഇതു വഴി രൂപീകരിക്കാൻ കഴിയും.  പരമാവധി അമ്പതു പേർക്കാണ് ഒരു ഗ്രൂപ്പിൽ അംഗമാകാൻ സാധിക്കുക. കൂടുതൽ  പേർ മുന്നോട്ടു വരുന്ന മുറയ്ക്ക് ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കാനാകും. ജനാധിപത്യ രീതിയിലാവും ഇതിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതലകൾ വഹിക്കുന്ന നാലു പേർ കൂടി ഉണ്ടാകും. ‍