കുടുംബശ്രീ -പി.എം യുവ പദ്ധതി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തെ സംരംഭകത്വ മേഖലയുമായി ബന്ധിപ്പിച്ചു കൊണ്ട് കാർഷിക വ്യാവസായിക സേവനരംഗങ്ങളിൽ നവീന ആശയങ്ങളും തൊഴിലവസരങ്ങളും കണ്ടെത്താനാകുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്തെ തിരഞ്ഞെടുത്ത ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പൂർത്തീകരിച്ച പി.എം. യുവ യോജന-പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട്, വിവിധ മേഖലകളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ അവാർഡ് പ്രഖ്യാപന ചടങ്ങ് ഒാൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ നേടുക എന്നതിൽ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴിൽ നൽകാൻ പ്രാപ്തരായ സംരംഭകർ എന്ന നിലയിലേക്കും യുവജനങ്ങളെ എത്തിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം കുടുംബശ്രീ മുഖേന സംസ്ഥാനത്തു നടപ്പാക്കിയ പദ്ധതിയാണ് പി.എം.യുവ. കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ പദ്ധതി ആദ്യം പൂർത്തീകരിച്ച സംസ്ഥാനം കേരളമാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടമാണ് ഇതിലൂടെ കേരളം കൈവരിച്ചതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്മെന്റ്  ഡയറക്ടർ ഡോ.പൂനം സിൻഹ പറഞ്ഞു.    

കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പക്കിയത്. യുവസംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ കമ്യൂണിറ്റിതലം, സ്ഥാപനതലം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ആദ്യവിഭാഗത്തിൽ സംരംഭകത്വ ബോധവൽക്കരണവും സംരംഭകത്വ വികസനത്തിനുതകുന്ന ത്രിദിന ബൂട്ട് ക്യാമ്പും സംഘടിപ്പിച്ചു. പി.എം.യുവ വഴി തിരഞ്ഞെടുത്ത പോളിടെക്നിക്, ജെ.എസ്.എസ്, എെ.ടി.എെ, പി.എം.കെ.വി.വൈ എന്നീ വിഭാഗങ്ങളിലുള്ള  തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്ഥാപനതല വിഭാഗത്തിൽ പരിശീലനം ലഭ്യമാക്കിയത്.  ഇൗ രണ്ടു വിഭാഗങ്ങളിലുമുള്ള പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനതലത്തിൽ 1607 വിദ്യാർത്ഥികൾ സംരംഭകത്വ പരിശീലനം പൂർത്തീകരിച്ചു. കമ്യൂണിറ്റിതല പരിശീലനങ്ങളുടെ ഭാഗമായി 154 പുതിയ സംരംഭകർക്കും 131 നിലവിലുളള സംരംഭകർക്കും പ്രയോജനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

പി.എം യുവ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ മേഖലയിലുണ്ടാകുന്ന മുന്നേറ്റം പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയയ്ക്ക് സഹായകരമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  

സംരംഭങ്ങളുടെ സ്കെയിൽ അപ് വിഭാഗത്തിൽ സിബിജ(കോഴിക്കോട്), ശരണ്യസനീഷ് (തൃശൂർ)എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സിന്ധു(മലപ്പുറം), ശരത് വി.എ(തൃശൂർ) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സുമിത സി.സി (ആലപ്പുഴ), ആശ.ടി(ആലപ്പുഴ), സിനി നിധിൻ(തൃശൂർ)എന്നിവർ പ്രത്യേക ജൂറി അവാർഡ് നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 27,500, 17500, 12500 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും.

ന്യൂ എന്റർപൈ്രസ് മത്സര വിഭാഗത്തിൽ ശ്യാമ സുരേഷ്(തൃശൂർ), റസീനാബി (തൃശൂർ), ബിദുൻ.പി.കെ(കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ധന്യ എം.എസ്(തൃശൂർ), ഫഹദ് അഷ്റഫ് പി.കെ, മുഹമ്മദ് യാസിർ വി.കെ(കോഴിക്കോട്) എന്നിവർക്കാണ് പ്രത്യേക ജൂറി അവാർഡ്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 20000, 12500, 10000 രൂപ ക്യാഷ് അവാർഡും മെന്റോയും ലഭിക്കും.  

പി.എം യുവ ബെസ്റ്റ് ബിസിനസ് പ്ളാൻ മത്സര വിഭാഗത്തിൽ അബ്ദുൾ ഷുക്കൂർ(ഗവൺമെന്റ് എെ.ടി.എെ, മലമ്പുഴ, പാലക്കാട്) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് യാസിർ വി.കെ, ഫഹദ് അഷ്റഫ് പി.കെ(വേലെയ്ൻ, പി.എം.കെ.വി.വൈ, കോഴിക്കോട്) എന്നിവർ രണ്ടാം സ്ഥാനവും ഷമീം(വി.ബി.വൈ,മലപ്പുറം) മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും.  

മെഹ്റാജ്(ജെ.എസ്.എസ്, പാലക്കാട്), ടിന്റു ബിജു(ജെ.എസ്.എസ്, പാലക്കാട്) എന്നിവർക്കാണ് മികച്ച അവതരണത്തിനുള്ള അവാർഡ്. ബെസ്റ്റ് ഇന്നവേഷൻ അവാർഡ് മുഹമ്മദ് സഹൽ(വിബിവൈ,മലപ്പുറം), ബെസ്റ്റ് മാർക്കറ്റ് സ്റ്റഡിക്കുള്ള അവാർഡ് അബ്ദുൾ ബാസിത്.സി(വേലെയ്ൻ, പി.എം.കെ.വി.വൈ, കോഴിക്കോട്) എന്നിവരും കരസ്ഥമാക്കി.

പി.എം.-യുവ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ സ്ഥാപനങ്ങൾ വളവന്നൂർ ബഫഖി യത്തീംഖാന പൈ്രവറ്റ് എെ.ടി.എെ, കൽപകഞ്ചേരി, മലപ്പുറം, ജെ.എസ്.എസ്-പാലക്കാട്, വേലൈൻ-കോഴിക്കോട് എന്നിവയാണ്. ബെസ്റ്റ് ഫാക്കൽറ്റി ഫെസിലിറ്റേറ്റർമാർക്കുള്ള അവാർഡ് വിറോഷ്(ആമിന എെ.ടി.എെ, കാടാമ്പുഴ, മലപ്പുറം), ഇറാഷ്( വേലൈൻ, പി.എം.ക.വി.വൈ, കോഴിക്കോട്), അർസൽ ബാബു( ഗവൺമെന്റ് എെ.ടി.എെ, മലമ്പുഴ, പാലക്കാട്) എന്നിവർക്കാണ്. തിരഞ്ഞെടുത്ത മികച്ച മൂന്നു ഫെസിലിറ്റേറ്റർമാർക്കുള്ള  5000 രൂപ വീതം ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എെ ശ്രീവിദ്യ സ്വാഗതവും അവാർഡ് പ്രഖ്യാപനവും  നിർവഹിച്ചു. ഡോ.പൂനം സിൻഹ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്മെന്റ്),മുഖ്യ പ്രഭാഷണം നടത്തി. അജിൽ കോവിലൻ(നോഡൽ ഒാഫീസർ, പി.എം യുവ, കേരള), എം. സോമേഷ് ആനന്ദ്(സീനിയർ മാനേജർ, പി.എം. യുവ, നാഷണൽ ഇഹബ്,  നോയ്ഡ), ബിന്ദു.വി.സി(മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ), രതീഷ്(സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, കുടുംബശ്രീ) എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ  രഘുറാം നന്ദി പറഞ്ഞു.