കേരള ആർസെറ്റികളുടെ 2020 -21 വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു

ഗ്രാമീണ മേഖലയിലെ നിർധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക്  പരിഹാരം കാണുന്നതിനായി നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർസെറ്റികൾ (റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്). കേരളത്തിലെ ആർസെറ്റികളുടെ 2020-21 വാർഷിക റിപ്പോർട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, (സെപ്റ്റംബർ 20) ന് നടന്ന ചടങ്ങിൽ പ്രകാശനം  ചെയ്തു. 
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ആർസെറ്റികൾ, അതാത് സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യങ്ങളുമായി സഹകരിച്ചാണ്  പ്രവർത്തിക്കുന്നത്. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ്  ആർസെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർസെറ്റികൾ  പ്രവർത്തിക്കുന്നത്. 
ഓരോ ആർസെറ്റികളും 56ലേറെ നൈപുണ്യ പരിശീലന പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്.  സുസജ്ജമായ പരിശീലന കേന്ദ്രങ്ങളും ഇതിനായുണ്ട്. വാർഷിക റിപ്പോർട്ട്  പ്രകാശന ചടങ്ങിൽ എൻ.എ. ആർ (നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി – RUDSETI) കേരള അസിസ്റ്റന്റ് കൺട്രോളർ ആർ. സരിത, ആർസെറ്റി സ്റ്റേറ്റ് ഡയറക്ടർ കെ.ആർ. ജയപ്രകാശ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഡയറക്ടർ പ്രേം ജീവൻ,  കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ്. ജഹാംഗീർ, പ്രോഗ്രാം മാനേജർമാരായ എൻ.പി. ഷിബു, ബിപിൻ ജോസ്, ദാസ് വിൻസന്റ്, ടി. ലിയോ പോൾ, കെ.ആർ.ജയൻ, ജി. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.