കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുകയും ജോലി സ്വന്തമാക്കുകയും ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് ‘ഹുണര്‍ബാസ്’ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി.ഡി.യു-ജി.കെ.വൈ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് പരിശീലനം നേടിയ ശേഷം ഒരു വര്‍ഷമോ, അതില്‍ കൂടുതലോ കാലം ജോലിയില്‍ തുടരുന്ന 12 ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അന്ത്യോദയ ദിനമായ സെപ്റ്റംബര്‍ 25ന് എറണാകുളം കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75 നോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്. അമീന്‍ സിദ്ദിഖ്, ടി. അബ്ദുള്‍ വാജിദ്, മിഥുന്‍.കെ (ജെ.എസ്.എസ്), മഞ്ജു ജോര്‍ജ്, അഹമ്മദ് സവദ് എം (ക്വെസ്), സല്‍മാന്‍ അര്‍ഷാദ് (എം.ഇ.ടി), മെറീന ഡാനിയേല്‍, സജീഷ് ജോര്‍ജ് (വിമലഗിരി), സാന്റോ ജോസഫ് (യു.എല്‍.സി.സി), ജോര്‍ജ് എന്‍. ജോണ്‍, സ്‌നേഹ സെബാസ്റ്റിയന്‍ (ഇസാഫ്), നവീന്‍ സൂര്യ (ഹോളിക്രോസ്) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തോടെ ജനകീയ ഉത്സവമായിട്ടാണ് ആസാദി കാ മഹോത്സവ് ആഘോഷിക്കുന്നത്. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും.