എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ സംബന്ധിച്ച് മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്‍ക്കുമായി മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് (സെപ്റ്റംബര്‍ 29) സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍, ചേംബര്‍ ഓഫ് ചെയര്‍മാന്‍ എം. കൃഷ്ണദാസ് (ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍) അധ്യക്ഷനായി. മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എം. അനില്‍ കുമാര്‍ (കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.