കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നിര്‍വഹിച്ചു.

തിരുവനന്തപുരം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കളിപ്പാന്‍കുളത്ത് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സാമ്പത്തികസ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന ആത്മവിശ്വസം ഓരോ സ്ത്രീയിലും വളര്‍ത്തിയെടുക്കുകയെന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രഥമദൗത്യമെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായിട്ടും നിരവധി സ്ത്രീകള്‍ തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് മാറുന്നു. ഈ അവസ്ഥ മാറണം. ഐടി, ബയോടെക്നോളജി എന്നിവയടക്കമുള്ള മേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ പരിശ്രമിക്കണം. അതോടൊപ്പം സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രശ്നങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്ന വിധത്തില്‍ ആശയപരമായ യുക്തിയും ശക്തിയുമുള്ള സ്ത്രീസമൂഹമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപപ്പെടണം. ഓരോ അംഗവും ഓരോ സംരംഭകരായി മാറുന്ന തലത്തിലേക്ക് ക്രിയാത്മകമായി വളര്‍ന്നു വരാന്‍ കഴിയണം. ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നും, കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തൊഴില്‍പദ്ധതികളുമായും നൈപുണ്യപരിശീലക കേന്ദ്രങ്ങളുമായും ഓക്സിലറി ഗ്രൂപ്പുകളെ ബന്ധപ്പെടുത്തിക്കൊണ്ട് വരുമാനദായക തൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നു വരാന്‍ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

   കോര്‍പ്പറേഷനു കീഴിലുള്ള സി.ഡി.എസ് മൂന്നില്‍ രൂപീകരിച്ച നവഗാഥ, കാലടി വാര്‍ഡിലെ  മാനസ, പുത്തന്‍പള്ളി വാര്‍ഡിലെ സംഗമം എന്നീ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ നല്‍കിയ അംഗത്വ ഫോമുകളും മന്ത്രി സ്വീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലിം അധ്യക്ഷത വഹിച്ചു. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ സജുലാല്‍. ഡി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ഷൈന.എ, ബീന.പി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.

ഓക്സിലറി ഗ്രൂപ്പുകളില്‍ ആര്‍ക്കെല്ലാം അംഗമാകാം? അംഗത്വമെടുക്കേണ്ടത് എങ്ങനെ?
പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഓക്സിലറി ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കാന്‍ കഴിയുക.  ഒരു വീട്ടില്‍ നിന്നും ഈ പ്രായപരിധിയിലുള്ള ഒന്നിലധികം സ്ത്രീകള്‍ക്കും അംഗമാകാം. അയല്‍കൂട്ട കുടുംബാംഗമായ (18നും 40നും ഇടയില്‍ പ്രായമുള്ള) വനിതകള്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം. ഓരോ വാര്‍ഡിലും അമ്പത് പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ്  രൂപീകരിക്കുന്നത്. അമ്പതു പേരില്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്ന പക്ഷം പുതിയൊരു ഗ്രൂപ്പ് രൂപീകരിക്കാം. അതത് വാര്‍ഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് രൂപീകരണം. ഓരോ അംഗവും എല്ലാ മാസവും നിശ്ചിത തുക(കുറഞ്ഞത് പത്തു രൂപ) പ്രവര്‍ത്തന ഫണ്ടായി നല്‍കണം.  ഓരോ ഗ്രൂപ്പിലും ഒരു ലീഡര്‍, കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നീ ചുമതലകള്‍ വഹിക്കുന്നര്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിറ്റിയും ഉണ്ടാകും.

അതത് ജില്ലാമിഷന്‍ ഭാരവാഹികള്‍, സി.ഡി.എസ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട പ്രദേശങ്ങളിലെ നാല്‍പതു വയസിനു താഴെ പ്രായമുള്ള അര്‍ഹരായ വനിതകളെ കണ്ടെത്തി ഇവരില്‍ നിന്നും താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക. അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം അതത് സി.ഡി.എസ് ഓഫീസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ ശുപാര്‍ശ സഹിതം ജില്ലാമിഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും. അന്തിമഘട്ട പരിശോധനകള്‍ക്ക് ശേഷം ഗ്രൂപ്പുകള്‍ക്ക് അംഗീകാരം നല്‍കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി അധ്യക്ഷനായ വിലരുത്തല്‍ സമിതിയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഒക്ടോബര്‍ 31നകം കേരളമൊട്ടാകെ ഇരുപതിനായിരം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനങ്ങള്‍
സ്ത്രീകള്‍ക്ക് സമൂഹത്തിലെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനവും വേദിയും നല്‍കുക, സാമൂഹ്യതിന്‍മകള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള പ്രാദേശിക സംവിധാനമായി മാറുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഓക്സിലറി ഗ്രൂപ്പുകള്‍ വഴി നടപ്പാക്കുക. കൂടാതെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, തൊഴില്‍ പദ്ധതികള്‍, തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ വൈവിധ്യമാര്‍ന്ന ഉപജീവന സാധ്യതകളിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ സംഘടിപ്പിക്കും.