കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ച് കാസര്‍ഗോഡ് ജില്ല

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം, വിദ്യാനഗറിലെ കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ക്യാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ഓഗസ്റ്റ് 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്താനാണ് കുടുംബശ്രീ ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകളും ജൈവ അരിയും ചേര്‍ത്താണ് കര്‍ക്കിടകഞ്ഞി തയ്യാറാക്കുന്നത്.  നാല് തരത്തിലുള്ള കര്‍ക്കിടക കഞ്ഞികളാണ് ലഭിക്കുക. ഇലക്കറികളും നെല്ലിക്ക ചമ്മന്തിയും ഒപ്പമുണ്ടാകും. 50 രൂപയാണ് വില. എല്ലാ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകളും കര്‍ക്കിടക കഞ്ഞി വിതരണത്തിന് തയാറാക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.