ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍.ആര്‍.എല്‍.എം) ഭാഗമായുള്ള കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് (സി.ഇ.എഫ്) വിതരണത്തിലൂടെ ജില്ലയില്‍ മുട്ട വിപ്ലവം ഒരുക്കാന്‍ കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍. ‘കോഴിയും കൂടും’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് രണ്ടു മുട്ട എങ്കിലും ലഭ്യമാക്കുകയും കുടുംബശ്രീ വനിതകളുടെ ജീവനോപാധി മേഖല മെച്ചപ്പെടുത്തുകയുമാണ് ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
2020 -21 സാമ്പത്തിക വര്‍ഷം ‘സില്‍വര്‍ റെവല്യൂഷന്‍ ഇയര്‍’ ആയി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തെരഞ്ഞെടുത്ത സി.ഡി.എസുകള്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് ചെറിയ ഗഡുക്കളായി സി.ഇ.എഫ് വായ്പ വിതരണം ചെയ്യുകയും മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.
ജില്ലയില്‍ മൂന്ന് സി.ഡി.എസുകളില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 20 മുതല്‍ 25 കോഴികള്‍ അടങ്ങുന്ന 122 യൂണിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു .ഇതില്‍ 80 ഗുണഭോക്താക്കള്‍ക്ക് കോഴിയും കൂടും ലഭിച്ചു. പദ്ധതിപ്രകാരം കോഴികളെ മാത്രം ലഭിച്ച 42 പേര്‍ക്ക് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സംയോജന സാധ്യത പ്രയോജനപ്പെടുത്തി കൂടുകള്‍ കൂടി ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കും. ഒക്ടോബര്‍ മാസം അവസാനത്തോടെ നാല് സി.ഡി.എസുകളില്‍ സി.ഇ. എഫ് മുഖാന്തരം 90 വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കൂടി കോഴിയും കൂടും ലഭ്യമാക്കാനുള്ള നടപടികളും ജില്ല കൈക്കൊണ്ടു കഴിഞ്ഞു.
ജില്ലയിലെ ശേഷിക്കുന്ന മറ്റ് സി.ഡി.എസുകളില്‍ പ്രത്യേക ഉപജീവന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പില്‍ വരുത്തും. ഇന്റെന്‍സീവ് ബ്ലോക്കുകളായ പരപ്പ, കാറദുക്ക എന്നിവിടങ്ങളിലെ ബഡ്‌സ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കരിങ്കോഴിയും കൂടും ലഭ്യമാക്കാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.