കുടുംബശ്രീ സൈക്ലിങ് ക്ലബ്ബ് കണ്ണൂര്‍ (കെ.സി.കെ) എന്ന പേരില്‍ സംസ്ഥാനത്ത് ഇതാദ്യമായി ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി സൈക്ലിങ് ക്ലബ്ബ് രൂപീകരിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ മിഷന്‍ ടീം. ജില്ലയില്‍ 2446 ബാലസഭകളിലായി 37,039 കുട്ടികള്‍ അംഗങ്ങളായുണ്ട്. ഇവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയും ലിംഗസമത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് ബാലസഭാ കുട്ടികള്‍ക്ക് വേണ്ടി സൈക്ലിങ് ക്ലബ്ബ് രൂപീകരണം എന്ന ആശയം കണ്ണൂര്‍ ആവിഷ്‌കരിച്ചത്.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 50 കുടുംബശ്രീ സി.ഡി.എസുകളില്‍ സൈക്ലിങ് ക്ലബ്ബുകള്‍ രൂപീകരിക്കും. 1000 കുട്ടികളെ ഈ ക്ലബ്ബുകളില്‍ ഉള്‍പ്പെടുത്തും. 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്ലബ്ബില്‍ അംഗമാകാനാകും. ഒരു ക്ലബ്ബില്‍ പരമാവധി 25 അംഗങ്ങളുണ്ടാകും. സി.ഡി.എസ് തലത്തിലുള്ള സൈക്ലിങ് ക്ലബ്ബുകളില്‍ നിന്നും ഏറ്റവും മികച്ച 200 പേരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ റൈഡേഴ്സ് ക്ലബ്ബ് രൂപീകരിക്കും. ഇവര്‍ക്ക് വേണ്ടി റൈഡിങ് മത്സരങ്ങള്‍ ഒരുക്കും. കൂടാതെ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും റൈഡിങ് അവസരങ്ങള്‍ ഒരുക്കി അമച്വര്‍ റേസേഴ്സ് ആയി ഇവരെ വളര്‍ത്തും.
കണ്ണൂര്‍ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കുടുംബശ്രീയുടെ യുവതികള്‍ക്കായുള്ള ഓക്‌സിലറി ഗ്രൂപ്പുകളിലേക്കും സൈക്ലിങ് ക്ലബ്ബ് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യവും ജില്ലയ്ക്കുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസഭകള്‍. വിനോദങ്ങളിലൂടെ അറിവ് സമ്പാദിക്കുക, നേതൃത്വ ശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം…തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, അവരുടെ വ്യക്തിത്വ വികാസം…ഇങ്ങനെ നീളുന്ന നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്‍ക്കുള്ളത്. 5 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബാലസഭയില്‍ അംഗങ്ങളാകാനാകും.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി 28,387 ബാലസഭകള്‍ ഇപ്പോഴുണ്ട്. 3,95,401 കുട്ടികള്‍ ഈ ബാലസഭകളില്‍ അംഗങ്ങളുമാണ്. മേല്‍ വിവരിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനതലത്തിലും ഓരോ ജില്ലകള്‍ സ്വന്തം നിലയിലും നിരവധി പരിപാടികള്‍ ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായാണ് കണ്ണൂര്‍ ജില്ല സൈക്ലിങ് ക്ലബ്ബ് രൂപീകരണം നടത്തിയിരിക്കുന്നത്.