സ്ത്രീപ്രാതിനിധ്യവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തി പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകൾക്ക് നൽകുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളിൽ 87753 പേർ സ്ത്രീകളാണ്.  ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരിൽ നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ മാത്രം പേരിലോ ഉടമസ്ഥത നൽകുക. നിലവിൽ 70463 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ നഗരമേഖലയിൽ പ്രവർത്തിക്കുന്ന 31 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേന പദ്ധതിയിൽ ഉൾപ്പെട്ട 52 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.  

ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതി ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി വിളക്കുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നു കൊണ്ട് ഒാരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴിൽദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഇൗയിനത്തിൽ ലഭ്യമാക്കിയത്.

പദ്ധതി ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങൾ നടന്നു വരികയാണ്.