കുടുംബശ്രീ സംസ്ഥാനതല പദ്ധതി അവലോകന യോഗം സംഘടിപ്പിച്ചു, മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍, സംസ്ഥാനതല പദ്ധതി അവലോകന യോഗം നവംബര്‍ 12ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ഗ്രൂപ്പുകളിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പെയ്നുകള്‍ ആസൂത്രണം ചെയ്യുണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും (കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി, ഓക്സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ്, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, ദേശീയ നഗര ഉപജീവന ദൗത്യം തുടങ്ങീ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകന യോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസും അവലോകനം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.