ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും (ഐ.ടി.പി.ഒ) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന 40ാം അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) 2021ന് തുടക്കമായി. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിന്റെ ഭാഗമായി നടക്കുന്നുണ്ട്. നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന ഐ.ഐ.ടി.എഫില്‍ കുടുംബശ്രീയുടേതായി നാല് സ്റ്റാളുകളാണുള്ളത്. സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടേതായി ആറ് സ്റ്റാളുകളുമുണ്ട്.
ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനില്‍ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി കൊമേഴ്‌സ്യല്‍ സ്റ്റാള്‍, ‘സ്വയം പര്യാപ്ത ഇന്ത്യ’ എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍/സംരംഭ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാള്‍ എന്നിവയുണ്ട്. കൂടാതെ ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ രണ്ട് സ്റ്റാളുകളുമുണ്ട്.
വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഐ.ഐ.ടി.എഫ് കൊമേഴ്‌സ്യല്‍ സ്റ്റാളിലുള്ളത്. ഭക്ഷ്യ മേളയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും മലപ്പുറത്ത് നിന്നുള്ള അന്നപൂര്‍ണ്ണ കാറ്ററിങ് യൂണിറ്റും പങ്കെടുക്കുന്നു.
സരസ് മേളയില്‍ പാലക്കാട് ജില്ലയിലെ വിഷ്ണുമായ ഹാന്‍ഡ്‌ലൂം, സുപ്രിയ ഫുഡ്‌സ്, അട്ടപ്പാടിയില്‍ നിന്നുള്ള മല്ലേശ്വര പ്രൊഡ്യൂസര്‍ മില്‍ എന്നീ യൂണിറ്റുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇടുക്കി ജില്ലയില്‍ നിന്ന് ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിള്‍സ്, മലപ്പുറത്ത് നിന്ന് സ്‌നേഹ ക്ലേ പോട്ടറി യൂണിറ്റ്, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ക്യൂന്‍സ് ബേക്കറി യൂണികളും പങ്കെടുക്കുന്നു.
2002 മുതല്‍ ഐ.ഐ.ടി.എഫില്‍ കുടുംബശ്രീ പങ്കെടുത്തുവരുന്നു. മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകളും നിരവധി തവണ കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ ഐ.ഐ.ടി.എഫ്- സരസ് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 22 ലക്ഷത്തോളം രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞിരുന്നു.