ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണം – കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

നവംബര്‍ 18 മുതല്‍ 24 വരെ നടക്കുന്ന ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണത്തോട് അനുബന്ധിച്ച് കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് സമൂഹത്തിന് അറിവ് നല്‍കുന്നതിനും അതിലൂടെ ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ പ്രാപ്തരാക്കുകയും ലക്ഷ്യമിട്ടാണ് ഈ വെബിനാര്‍ സംഘടിപ്പിച്ചത്.

ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗം, പിഴവുകള്‍ കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ സംബന്ധിച്ച് സമൂഹം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, കൊല്ലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ് എന്നിവര്‍ വെബിനാറില്‍ വിശദീകരിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നവംബര്‍ 22ന് സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീയുടെയും കിലയുടെയും ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ മുഖേന നല്‍കിയ ഈ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 4000ത്തോളം പേര്‍ തത്സമയം വീക്ഷിച്ചു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പരിശീലന വിഭാഗം ചുമതല വഹിക്കുന്ന ഡോ. ദിവ്യ വി.എസ് പരിപാടി നയിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ് നന്ദി പറഞ്ഞു.