കുടുംബശ്രീ ഉത്പന്നങ്ങള്‍ ജില്ലയിലെങ്ങും എത്തിക്കാന്‍ ഡെലിവറി വാനുമായി കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നതിനായി പുതിയ ഒരാശയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ മിഷന്‍. ‘കുടുംബശ്രീ ഡെലിവറി വാന്‍’ എന്ന സംവിധാനത്തിലൂടെ സംരംഭകര്‍ക്ക് വിപണന പിന്തുണയേകുകയാണ് ജില്ല. നവംബര്‍ 20ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ വി. ശിവദാസന്‍ എം.പി വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്വന്തം ഡെലിവറി വാനില്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിച്ചത്. കോവിഡ് 19ും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ഇങ്ങനെയൊരു സംവിധാനം നിലവില്‍ വരുത്തേണ്ടത് അനിവാര്യവുമാക്കിയിരുന്നു. ഈ പദ്ധതി പ്രാബല്യത്തില്‍ വരുന്നതിന് ഒമ്പത് ലക്ഷം രൂപ ആവശ്യമായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഈ ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണയേകി. കുടുംബശ്രീ മൂന്ന് ലക്ഷം രൂപയും വകയിരുത്തി.

ജില്ലയിലെ  നാലായിരത്തിലധികം സംരംഭ യുണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് വിപണന ശൃംഖല വിപുലപ്പെടുത്താന്‍ ഡെലിവറി വാന്‍ സഹായകരമാകും.