കാസര്‍ഗോഡിന്റെ ദത്തുപുത്രനായ അനൂപ് കൃഷ്ണന്‍ എന്ന അക്ബറിന് ഡി.ഡി.യു-ജി.കെ.വൈ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ തൊഴില്‍ നേടിയെടുക്കാനുള്ള സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് കുടുംബശ്രീ. അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും മരണശേഷമാണ് ഉത്തര്‍പ്രദേശുകാരനായ അനൂപ് കാസര്‍ഗോഡിന്റെ ദത്തുമകനായി മാറിയത്. സന്തോഷകരവും സുരക്ഷിതവുമായ ഒരു ജീവിതമെന്ന അനൂപിന്റെ സ്വപ്‌നത്തിന് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനും യുവകേരളം പദ്ധതിയുടെ ജില്ലയിലെ പരിശീലന കേന്ദ്രവുമായ ഹിര ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് എല്ലാവിധ പിന്തുണയുമേകിയത്.
അമ്മയുടെയും രണ്ട് സഹോദങ്ങളുടെയും മരണ ശേഷം അനൂപിന് ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടു. 13ാം വയസ്സില്‍ അനൂപിനെ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമില്‍ താമസ, പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഇവിടെ താമസിച്ച് പഠിച്ച അനൂപ് പത്താം ക്ലാസ്സ് വിജയിച്ചു. ഇതിന് ശേഷം എട്ടു വര്‍ഷത്തിലധികമായി സ്വന്തമായൊരു പേരിനും മേല്‍വിലാസത്തിനും വേണ്ടിയുള്ള നിരന്തരമായ നിയമ പോരാട്ടത്തിലായിരുന്നു അനൂപ്. ഇതേക്കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം അനൂപിന് ആവശ്യമുള്ള രേഖകള്‍ നേടിയെടുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി.
ഒരു ജോലി എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യുവ കേരളം പദ്ധതിയുടെ മൊബിലൈസേഷന്‍ ക്യാമ്പിലെത്തുകയും ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഹിര ചാരിറ്റബിള്‍ ട്രസ്റ്റില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ കോഴ്സിലേക്ക് പ്രവേശനം നേടുകയും ചെയ്തു. പരിശീലനത്തിന് ശേഷം സ്‌കൈല ഇലക്ട്രിക്കല്‍സില്‍ ജോലിയിലും പ്രവേശിച്ചു.
പ്രതിസന്ധി കാലത്തും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ട അനൂപ് യുവതലമുറയ്ക്ക് പ്രചോദനമായിത്തീരുകയായിരുന്നു. നിശ്ചയ ദാര്‍ഢ്യത്തിനും കഴിവിനുമുള്ള അംഗീകാരമായി അനൂപിനെ കുടുംബശ്രീ ജില്ലാമിഷന്‍ ആദരിച്ചു. ഒക്ടോബര്‍ 26ന് കാസര്‍ഗോഡ് കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അനൂപിന് ഉപഹാരം കൈമാറി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, ഇക്ബാല്‍ സി.എച്ച്, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, പരിശീലന ഏജന്‍സി പ്രതിനിധികള്‍, കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.