കുടുംബശ്രീ നൈപുണ്യ പരിശീലനങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമാകുന്നു

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമാകുന്നു. താത്പര്യമുള്ളവര്‍ക്ക് വിവിധ മേഖലകളില്‍ നൈപുണ്യ പരിശീലനം നേടാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. സൗജന്യമായി നൈപുണ്യ പരിശീലനങ്ങള്‍ നല്‍കി, ജോലി നേടാനും ജീവിത വിജയം കൈവരിക്കാനും യുവതലമുറയെ പ്രാപ്തരാക്കുന്ന മൂന്ന് പ്രധാന പദ്ധതികളാണ് കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന), ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍.യു.എല്‍.എം) ഭാഗമായുള്ള ഇ.എസ്.ടി ആന്‍ഡ് പി (എംപ്ലോയ്‌മെന്റ് ത്രൂ സ്‌കില്‍ ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ്), റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി, 10,000 യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനമേകുന്നതിന് കേരള സര്‍ക്കാര്‍ രൂപംനല്‍കിയ യുവകേരളം പദ്ധതി എന്നിവയാണവ. കോവിഡ് 19 വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ മൂന്ന് പദ്ധതികളുടെയും ഭാഗമയുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്.

18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള, ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനമാണ് ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയിലൂടെ നല്‍കുന്നത്. സ്ത്രീകള്‍, അംഗ പരിമിതര്‍, പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് പ്രായപരിധി 45 വയസ്സുമാണ്. പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. കൂടാതെ റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനം നേടുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമാണ്.

കുടുംബശ്രീ തെരഞ്ഞെടുത്ത 177 പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ (പി.ഐ.എ) വഴിയാണ് പരിശീലനങ്ങള്‍ നല്‍കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എസ്.സി (സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു.

 ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍, കൺസ്ട്രക്ഷൻ, ഐ.ടി.ഇ.എസ് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇനേബിള്‍ഡ് സര്‍വീസസ്) തുടങ്ങിയ 26 മേഖലകളിലായി വ്യത്യസ്തമായ കോഴ്‌സുകളില്‍ ഡി.ഡി.യു-ജി.കെ.വൈ മുഖേന പരിശീലനം നേടാനാകും. ഇതുവരെ 69,121 പേര്‍ പരിശീലനം നേടാനായി പദ്ധതിയുടെ ഭാഗമായിരുന്നു. അതില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ 56,670 പേരില്‍ 42,681 പേര്‍ക്ക് ജോലിയും ലഭിച്ചു. പദ്ധതിയുടെ ഭാഗമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബായ്, അബുദാബി, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍ തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലും ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡി.ഡി.യു-ജി.കെ.വൈ പദ്ധതി വിശദാംശങ്ങള്‍ അറിയാന്‍ www.kudumbashree.org/jobs  എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം. 0471 – 2554714,15,16,17 എന്ന നമ്പരുകളിലും ബന്ധപ്പെടാം.  

ഗ്രാമീണ – നഗര മേഖലകളിലെ 10,000 യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനാണ് കുടുംബശ്രീയുടെ തനത് പദ്ധതിയായ ‘യുവകേരള’ത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പദ്ധതി മുഖേന കുടുംബശ്രീയുമായി കരാറിലെത്തിയ 40 പരിശീലന ഏജന്‍സികളിലൂടെ ബാങ്കിങ്, ലോജിസ്റ്റിക്‌സ്, റീട്ടൈല്‍, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ 14ഓളം മേഖലകളിലെ വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാനാകും. ഇതുവരെ 2923 കുട്ടികള്‍ രജിസ്ട്രര്‍ ചെയ്യുകയും 1276 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞു. 937 പേര്‍ക്ക് ജോലിയും ലഭിച്ചു.

എന്‍.യു.എല്‍.എം-ന്റെ ഭാഗമായുള്ള നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി നഗരദരിദ്രരായ 18 മുതല്‍ 35 വയസ്സ് വരെ പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, കണ്‍സ്ട്രക്ഷന്‍, ക്യാപ്പിറ്റല്‍, ഹെല്‍ത്ത്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെയുള്ള എട്ട് മേഖലകളിലെ വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാന്‍ അവസരമുണ്ട്. പരിശീലനം നല്‍കുന്നതിനായി 28 സ്‌കില്‍ ട്രെയിനിങ് പ്രൊവൈഡേഴ്‌സ് കുടുംബശ്രീയുമായി കരാറിലെത്തിയിട്ടുണ്ട്. ഇതുവരെ 20,983 കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 16,218 കുട്ടികളില്‍ 10,601 പേര്‍ക്ക് ജോലിയും ലഭിച്ചു. എന്‍.യു.എല്‍.എം മുഖേന നല്‍കുന്ന നൈപുണ്യ പരിശീലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 155330 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.