ബാലസഭാംഗങ്ങളായ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്ന ‘ഡിഫന്‍സ് 2021’ പരിപാടിക്ക് തുടക്കമിട്ട് കണ്ണൂര്‍ ജില്ലാ മിഷന്‍. തങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ധൈര്യത്തോടെ പൊരുതാനുള്ള ആത്മവിശ്വാസം പെണ്‍കുട്ടികളില്‍ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ടാണ് ജില്ലാ മിഷന്‍ ഇത്തരത്തിലൊരു പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. സാമൂഹികമായും കായികപരമായും നിരവധി അതിക്രമങ്ങളാണ് സ്ത്രീകള്‍ നേരിട്ടുവരുന്നത്. നിരന്തരമുള്ള കരുത്തുറ്റ പ്രതിഷേധങ്ങളിലൂടെയാണ് സാമൂഹികമായ അതിക്രമങ്ങളെ തകര്‍ക്കാനാകുക. അതേസമയം ആയോധനകലകള്‍ വഴി ആര്‍ജ്ജിക്കുന്ന സ്വയം പ്രതിരോധത്തിന്റെ കരുത്തിലൂടെ കായിക അതിക്രമത്തെ വലിയൊരളവോളം ചെറുത്ത് തോല്‍പ്പിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയും. ഇത്തരമൊരു കാഴ്ചപ്പാടോടെയാണ് ഡിഫന്‍സ് 2021 എന്ന പരിപാടിക്ക് ജില്ലാ മിഷന്‍ തുടക്കമിട്ടത്.
ഡിഫന്‍സ് 2021 ന്റെ ആദ്യ പരിശീലന പരിപാടി പന്ന്യന്നൂര്‍ സി.ഡി.എസില്‍ നടന്നു. ആദ്യ പരിശീലന പരിപാടിയുടെ വിജയത്തിന് ശേഷം ചെറുകുന്ന് സി.ഡി.എസില്‍ കരാട്ടേ പരിശീലനത്തിന് ഇപ്പോള്‍ തുടക്കമിട്ടിരിക്കുകയാണ്. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നവംബര്‍ 27ന് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ, പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.