സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യുആര്‍ കോഡുമായി മലപ്പുറം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യുആര്‍ കോഡ് സംവിധാനം അവതരിപ്പിച്ച് മലപ്പുറം ജില്ലാ മിഷന്‍. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ഉടന്‍ തന്നെ ഗൂഗിള്‍ ഫോം ലഭിക്കുകയും ഇതില്‍ അതിക്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാനാകും. വളരെ പെട്ടെന്ന് തന്നെ പരാതികള്‍ രേഖപ്പെടുത്താനാകും. ഡിസംബര്‍ ആറിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച സ്‌നേഹിത കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ ഐ.എ.എസ്, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ക്യുആര്‍ കോഡ് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ സംസ്ഥാന മിഷനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ മിഷന്‍ ക്യുആര്‍ കോഡ് അവതരിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സ്‌നേഹിത കേന്ദ്രത്തിന്റെ വിലാസം, ഫോണ്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍ എന്നിവയെല്ലാം ക്യുആര്‍ കോഡിനൊപ്പം നല്‍കിയിട്ടുണ്ട്.

പരാതികള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക ലക്ഷ്യമിട്ടാണ് ക്യുആര്‍ കോഡ് എന്ന ആശയം ജില്ല നടപ്പിലാക്കിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അറിവുള്ള അടുത്ത ബന്ധുക്കള്‍ പോലും നിയമനടപടികളും മറ്റും ഭയന്ന് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കാറുണ്ട്. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ക്യുആര്‍ കോഡ് മുഖേന സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പരാതികള്‍ രേഖപ്പെടുത്താനാകും. ഗൂഗിള്‍ ഫോം വഴി പരാതികള്‍ രേഖപ്പെടുത്താനാകും. ഇങ്ങനെ ല സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കുന്ന പരാതികള്‍ വാസ്തവമാണോയെന്ന് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ മുഖേന അന്വേഷിച്ച് ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് ആവശ്യമുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

അതിക്രമങ്ങള്‍ നേരിടുന്നവരുടെ പേര്, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ, വിലാസം, ഫോണ്‍ നമ്പര്‍, ഏത് തരത്തിലുള്ള അതിക്രമം (ശാരീരികം, മാനസികം, വൈകാരികം, സാമ്പത്തികം, ലൈംഗികം), അതിക്രമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍, ആവശ്യമുള്ള സഹായം എന്നിവയാണ് ക്യുആര്‍ കോഡ് മുഖേന ലഭിക്കുന്ന ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തേണ്ടത്. പരാതികള്‍ അറിയിക്കുന്നവരുടെ പേരോ ഫോണ്‍ നമ്പരോ മറ്റ് വിശദാംശങ്ങളോ രേഖപ്പെടുത്തേണ്ടതുമില്ല. ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഈ ക്യുആര്‍ കോഡ് വ്യാപകമാക്കി പ്രചരിപ്പിച്ചു കഴിഞ്ഞു.