ജില്ലയിലെ ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനായി ബാല സോക്കര്‍ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ മിഷന്‍. ഡിസംബര്‍ 3 ന് കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റ്കുടുക്കയില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ 9 കേന്ദ്രങ്ങളിലായാണ് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത്. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള ബാലസഭാംഗങ്ങള്‍ക്ക് പരിശീലനത്തിന്റെ ഭാഗമാകാനാകും. പരിശീലനം തീര്‍ത്തും സൗജന്യമാണ്.
കാങ്കോല്‍, ആലപ്പടമ്പ്, നാറാത്ത്, ചെമ്പിലോട്, കൂത്തുപറമ്പ, എരഞ്ഞോലി, ആന്തൂര്‍, മയ്യില്‍, മട്ടന്നൂര്‍, കേളകം എന്നീ സി.ഡി.എസുകളെയാണ് പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെലക്ഷന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളില്‍ നിന്നും 30 വീതം പേര്‍ക്ക് പരിശീലനം നല്‍കും.
ആഴ്ചയില്‍ മൂന്ന് ദിവസം വീതം അരമണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് നല്‍കുക. 3 മാസം കൊണ്ട് 24 ക്ലാസ്സുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പരിശീലനോപകരണങ്ങളും പന്തും പരിശീലനച്ചെലവും കുടുംബശ്രീ ജില്ലാമിഷന്‍ വഹിക്കും. ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശീലകരാണ് പരിശീലനം നല്‍കുക.
ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. 2022 ജനുവരി 30-നകം പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് ശേഷം ജില്ലാതലത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും.