‘സ്ത്രീപക്ഷ നവകേരളം’ പ്രൊമോ വീഡിയോ പുറത്തിറക്കി

നാളെ മുതല്‍ 2022 മാര്‍ച്ച് 8 വരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ സംസ്ഥാനതല ക്യാമ്പെയ്‌ന്റെ പ്രൊമോ വീഡിയോ പുറത്തിറക്കി. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, വീഡിയോ സി.ഡി കുടുംബശ്രീ ജെന്‍ഡര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ക്യാമ്പെയ്ന്‍ അംബാസഡറും പ്രമുഖ ചലച്ചിത്ര താരവുമായ നിമിഷ സജയന്‍ ഉള്‍പ്പെടുന്ന പ്രൊമോ വീഡിയോയാണിത്.സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ സമൂഹ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും പ്രതിരോധമുയര്‍ത്താനും സമൂഹത്തെ സജ്ജമാക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. 18-12-2021 തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്ക് ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.