‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ സീസണ്‍ 4- അവാര്‍ഡുകള്‍ വിതരണം ചെയ്തു

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് പ്രോത്സാഹന സമ്മാനര്‍ഹര്‍ക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡിസംബര്‍ 18ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ് വിതരണം.
ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ തെക്കന്‍കുറൂര്‍ തെക്കുംമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ 25,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാരനുള്ള സമ്മാനമായ 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി മുരിങ്ങാതെരി വീട്ടിലെ ആല്‍ഫ്രഡ് എം.കെയും മൂന്നാം സ്ഥാനക്കാരനുള്ള സമ്മാനമായ 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും വയനാട് ജില്ലയിലെ ഒഴക്കൊടി കുളങ്ങര വീട്ടില്‍ മധു എടച്ചെനയും ഏറ്റുവാങ്ങി.

 പ്രോത്സാഹന സമ്മാനം നേടിയ കെ.ബി.വിജയന്‍, പ്രമോദ് കെ, അഭിലാഷ് ജി, ബൈജു സി.ജെ, ഷിജു വാണി, ഇജാസ് പുനലൂര്‍ എന്നിവര്‍ 2000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പ്രോത്സാഹന സമ്മാനം നേടിയ ജുബല്‍ ജോസഫ് ജൂഡിന് വേണ്ടി പിതാവ് ബെന്നിയും ദീപേഷ് പുതിയപുരയില്‍, ദിനേഷ് കെ, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടി അഭിലാഷ് ജിയും സമ്മാനം ഏറ്റുവാങ്ങി.

 2021 ജൂലൈ 22 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണ്‍ സംഘടിപ്പിച്ചത്. മുതിര്‍ന്ന സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ഡോക്യുമെന്ററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ ചന്ദ്രലേഖ സി. എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തില്‍ ലഭിച്ച 850ലേറെ ചിത്രങ്ങളില്‍ നിന്നാണ് വിജയ ചിത്രങ്ങള്‍ കണ്ടെത്തിയത്.