ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളുള്‍പ്പെടെ തനി നാടന്‍ തനത് ഭക്ഷണവിഭവങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ബ്രാന്‍ഡഡ് റെസ്റ്റോറന്റുകളായ പിങ്ക് കഫേകളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. 2020 നംവബറില്‍ തിരുവനന്തപുരം ജില്ലയിലാണ് ആദ്യ പിങ്ക് കഫേ തുറന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഈ കഫേകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഈ സ്വീകാര്യതയുടെ പിന്‍ബലത്തിലാണ് ‘പിങ്ക് കഫേ’കളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ഉപയോഗശൂന്യമായ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍, നിശ്ചിത മാതൃകയില്‍ ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് റെസ്‌റ്റോറന്റുകള്‍ എന്ന രീതിയിലാണ് ‘പിങ്ക് കഫേ’കളുടെ രൂപീകരണത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിലാണ് ആദ്യ ‘പിങ്ക് കഫേ’ കുടുംബശ്രീ ആരംഭിച്ചത്. നിശ്ചിത വാടക നിരക്കില്‍ ബസ്സ് ലഭ്യമാക്കിയതും റെസ്റ്റോറന്റ് മാതൃകയിലേക്ക് മാറ്റിയതും കെ.എസ്.ആര്‍.ടി.സിയാണ്. ഇന്റീരിയര്‍ ഡിസൈനും അടിസ്ഥാന സൗകര്യങ്ങളും കുടുംബശ്രീ ഒരുക്കി. നാടന്‍ ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം മറ്റ് വെജ്-നോണ്‍ വെജ് വിഭവങ്ങളും തയാറാക്കി ന്യായമായ വിലയ്ക്ക് കഫേയിലൂടെ ലഭ്യമാക്കി. രണ്ടാം ലോക്ഡൗണിന് മുമ്പ് ദിവസം 22,000ത്തോളം രൂപ വിറ്റുവരവ് നേടാന്‍ ഈ കഫേയിലെ സംരംഭകര്‍ക്ക് കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും പിങ്ക് കഫേകള്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലായി 2021 ഡിസംബര്‍ 19ന് കൊല്ലം ജില്ലയിലും പിങ്ക് കഫേ തുറന്നു. കെ.എസ്.ആര്‍.ടി.സി ബസ് ലഭ്യമാകാത്ത, ആളുകള്‍ ഏറെ വരുന്ന പ്രധാനപ്പെട്ട ഇടങ്ങളില്‍, നിശ്ചിത മാതൃകയിലുള്ള കിയോസ്‌കുകളായാണ് ‘പിങ്ക് കഫേ’ ആരംഭിച്ചത്. അഞ്ച് പേരടങ്ങുന്ന യൂണിറ്റാണ് കഫേ നടത്തുന്നത്. ഇത്തരത്തില്‍ ഒരു കഫേയിലൂടെ അഞ്ച് കുടുംബങ്ങളിലേക്കും വരുമാനമെത്തിക്കാന്‍ കഴിയുന്നു.
ഓരോ ജില്ലയിലും പിങ്ക് കഫേകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ താഴെ നല്‍കുന്നു.
1. തിരുവനന്തപുരം പിങ്ക് കഫേ – കിഴക്കേക്കോട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ
2. കൊല്ലം – കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഡിപ്പോ ഗ്യാരേജ്
3. കോട്ടയം – മെഡിക്കല്‍ കോളേജ് ആശുപത്രി
4. ഇടുക്കി – പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് രണ്ടാംമൈല്‍
5. കോഴിക്കോട് – കായണ്ണ കുടുംബാരോഗ്യകേന്ദ്രം
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംരംഭകര്‍ നടത്തുന്ന ശ്രമങ്ങളിലൊന്നാണ് പിങ്ക് കഫേകള്‍.