‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്ന്‍ – 19,500 ഓക്‌സിലറി ഗ്രൂപ്പുകളിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ക്ക് പരിശീലനം

സ്ത്രീധനത്തിനും  സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്ന്‍റെ ഭാഗമാകാന്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മികച്ച പരിശീലന പരിപാടികളുമായി കുടുംബശ്രീ. ഇതുപ്രകാരം സംസ്ഥാനത്തെ 19,500 ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ വിവിധ പരിശീലന പരിപാടികളുടെ ഭാഗമാകും. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്‍റെ കാരണങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം തയ്യാറാക്കിയ മൂന്നു പ്രധാന മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, വിജിലന്‍റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരാണ് ജില്ലാതല പരിശീലകര്‍. ഒരാള്‍ക്ക് ഒരു സി.ഡി.എസിന്‍റെ ചുമതലയാണ് ലഭിക്കുക.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍, അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും സ്തീകളെ പ്രാപ്തരാക്കുക, നിലവിലുള്ള നിയമങ്ങള്‍, സേവന സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ലിംഗപദവി, ലിംഗസമത്വം, ലിംഗനീതി എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രൂപ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഗ്രൂപ്പിന്‍റെ പ്രതിനിധികള്‍ അവതരണം നടത്തും.  പരിശീലന ചുമതല വഹിക്കുന്ന ഫെസിലിറ്റേറ്റര്‍മാര്‍ അനുകൂലവും പ്രതികൂലവുമായിട്ടുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും. പൊതു ചര്‍ച്ചകള്‍ക്കു ശേഷം അതിന്‍റെ ക്രോഡീകരണം നടത്തി റിസോഴ്സ് പേഴ്സണ്‍മാര്‍ അവതരിപ്പിക്കും. മൂന്നു മാസം നീളുന്ന വിവിധ പരിശീലനങ്ങളാണ് ഇവര്‍ക്കായി സംഘടിപ്പിക്കുക. ഒരു ദിവസം ഒരു മൊഡ്യൂളാണ് ചര്‍ച്ച ചെയ്യുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ഓക്സിലറി ഗ്രൂപ്പുകളിലും ‘സ്ത്രീധനവും അതിക്രമങ്ങളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും എതിരേ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി  ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വിവിധ പ്രചരണ പരിപാടികള്‍ ഏറ്റെടുക്കും. റീല്‍സ് വീഡിയോ, ട്രോള്‍സ്, പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത പ്രചാരണ ഉപാധികളായിരിക്കും സ്വീകരിക്കുക. 

സ്ത്രീപക്ഷ നവകേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക്  മികച്ച പരിശീലനം നല്‍കുന്നതിലൂടെ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന നടത്തുന്ന  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.