കോട്ടയത്തിന്റെ ‘മുന്നേ’ ദേശീയ ഗ്രാമീണ ചലച്ചിത്രമേളയിൽ

അഞ്ചാം ദേശീയ ഗ്രാമവികസന ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ നിര്‍മ്മിച്ച ‘മുന്നേ’ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജാണ് (എന്‍.ഐ.ആര്‍.ഡി.പി.ആര്‍) ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കിയുള്ള ഈ ചലച്ചിത്രമേള വര്‍ഷംതോറും സംഘടിപ്പിക്കുന്നത്.

എല്ലാ ജില്ലകളിലെയും മികച്ച വിജയകഥകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന മിഷനില്‍ നിന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സ്ത്രീജീവിതത്തില്‍ കുടുംബശ്രീ ഉളവാക്കിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ ഒരു ചലച്ചിത്രം തയാറാക്കാന്‍ കോട്ടയം ജില്ലാ ടീം തീരുമാനിക്കുന്നതും അതാത് മേഖലകളില്‍ പ്രഗത്ഭരായവരെ കണ്ടെത്തി ‘മുന്നേ’ അണിയിച്ചൊരുക്കുന്നതും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി 84 ചിത്രങ്ങള്‍ മേളയിലേക്ക് ലഭിച്ചു. ഇതില്‍ നിന്നാണ് കോട്ടയം ജില്ലാമിഷന്‍ തയാറാക്കിയ ‘മുന്നേ’ എന്ന ചലച്ചിത്രം ഉള്‍പ്പെടെ 44 ചിത്രങ്ങള്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫിക്ഷന്‍ വിഭാഗത്തിലാണ് മുന്നേ മത്സരിച്ചത്.നവംബര്‍ 26ന് ഹൈദരാബാദിലെ എന്‍.ഐ.ആര്‍.ഡി.പി.ആര്‍ ക്യാമ്പസിലായിരുന്നു മേള.

ദേശീയ, സംസ്ഥാനതലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള പ്രദീപ് നായരാണ് മുന്നേ സംവിധാനം ചെയ്തത്. കുടുംബശ്രീ വനിതകളുടെ നാടകസംഘമായ രംഗശ്രീ കലാകാരികളായ രാധാമണി പ്രസാദ്, ജ്യോതി, മായ, അഞ്ചിമ സിബു, ഗീത, തങ്കമ്മ, രാജി, പൊന്നമ്മ എന്നിവരും ഗിരീഷ് ചമ്പക്കുളം, മധു.ജി, ഷര്‍ഷാദ് എം.പി, നന്ദു, വാസുദേവ്, ഷീല കുട്ടോംപുറം എന്നിവരുമാണ് ‘മുന്നേ’യിലെ അഭിനേതാക്കള്‍.ദേശീയ അവാര്‍ഡ് ജേതാവായ നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും അരുണ്‍ രാമ വര്‍മ്മ, എബി തോമസ് എന്നിവര്‍ ശബ്ദമിശ്രണവും നിര്‍വഹിച്ചു. അജീഷ് ആന്റോയാണ് സംഗീതം. എഡിറ്റിങ് സുനീഷ് സെബാസ്റ്റിയനും. വാസുദേവന്‍ തീയാടി തിരക്കഥയും രചിച്ചു.