കുടുംബശ്രീ സംരംഭക രജിതയുടെ വിജയഗാഥ ‘ഇംപാക്ട് ഫോറം ഫിലിം ഫെസ്റ്റിവലിലേക്ക്’

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി സംരംഭം ആരംഭിച്ച് ജീവിത വിജയം കൈവരിച്ച രജിത മണി എന്ന എറണാകുളം സ്വദേശിനിയെക്കുറിച്ചുള്ള ഹ്രസ്വചിത്രമാണ് ഐക്യരാഷ്ട്രസഭയുടെയും ഇന്‍വെസ്റ്റ്‌മെന്റ് ന്യൂസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇംപാക്ട് ഫോറം ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗിക സെലക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ സംരംഭ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ‘നോണ്‍ ഫാം’ മേഖലയില്‍ പരമാവധി സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ധനസഹായവും പിന്തുണാ സഹായങ്ങളുമാണ് എസ്.വി.ഇ.പി പദ്ധതി വഴി നല്‍കുന്നത്. പദ്ധതി നടത്തിപ്പില്‍ നിന്ന് പഠിക്കാനായ പാഠങ്ങളും അനുഭവ സമ്പത്തും പ്രതിസന്ധികള്‍ തരണം ചെയ്ത് വിജയം കൈവരിച്ച സംരംഭകരുടെ കഥകളും ഏവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ഹ്രസ്വ ചിത്രങ്ങള്‍ തയാറാക്കിയിരുന്നു. ഇതിലൊന്നായ ‘പയനിയേഴ്‌സ് ഓഫ് ചെയ്ഞ്ച് (Pioneers of Change)- കീര്‍ത്തി ഫുഡ്‌സ്’ എന്ന ചിത്രമാണ് ഇംപാക്ട് ഫോറം ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വീട്ടിലുണ്ടാക്കിയ അച്ചാര്‍ അയല്‍ വീടുകളില്‍ വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സംരംഭക എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്, കീര്‍ത്തി ഫുഡ്‌സ് എന്ന എസ്.വി.ഇ.പി സംരംഭത്തിലൂടെ രജിത മണി. വിവിധ ഇനം പലഹാരങ്ങളും ധാന്യപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാമാണ് കീര്‍ത്തി ഫുഡ്‌സ് വഴി ഉത്പാദിപ്പിക്കുന്നത്. ട്രാവലിങ് ട്രൈപ്പോഡ് ഫിലിംസുമായി സഹകരിച്ചാണ് ഈ ഹ്രസ്വ ചിത്രം കുടുംബശ്രീ തയാറാക്കിയത്. ഹ്രസ്വ ചിത്രം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.