പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന എ.ഡി.എസ് തെരഞ്ഞെടുപ്പും, ജനുവരി 25ന് സംസ്ഥാനമൊട്ടാകെ നടത്തുന്ന സി.ഡി.എസ് തെരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടപ്പാക്കും. ഇതു സംബന്ധിച്ച് 15ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക മാർഗ നിർദേശങ്ങൾ. ഇതു പ്രകാരം കോവിഡ് ബാധിതരായ എ.ഡി.എസ്, സി.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് അതേ അയൽക്കൂട്ടത്തിലെ തന്നെ ഒരംഗത്തെ പ്രതിനിധിയായി പങ്കെടുപ്പിക്കാം. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം വാട്ട്സാപ് വഴിയോ ഇമെയിൽ വഴിയോ അതത് തെരഞ്ഞെടുപ്പ് വരണാധികാരിയുടെ മുന്നിൽ സർപ്പിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രതിനിധി വരണാധികാരിയുടെ മുമ്പാകെ ഫോൺ വഴി കോവിഡ് ബാധിതയെ വിളിക്കുകയും അവരുടെ പിന്തുണ ആർക്കാണെന്ന് ഉറപ്പു വരുത്തുകയും വേണം. കോവിഡ് ബാധിച്ച അംഗത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പ്രത്യേകമായി സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തണം.
കാറ്റും വെളിച്ചവും ഉള്ള ഹാളിലോ തുറസായ സ്ഥലത്തോ ആണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സ്ഥലത്തും സാമൂഹ്യ അകലം കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. എല്ലാ പൊതുസഭാ അംഗങ്ങളും എൻ-95 മാസ്കോ, ഇരട്ട സർജിക്കൽ മാസ്കോ നിർബന്ധമായും ധരിച്ചിരിക്കണം. സാനിറൈ്റസർ കൃത്യമായി ഉപയോഗിച്ചിരിക്കണം. തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറൈ്റസറിന്റെ ലഭ്യതയോ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യമോ ഉറപ്പു വരുത്തണം. സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി അഞ്ചു വീതം വാർഡുകളിൽ നിന്നും എ.ഡി.എസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് സി.ഡി.എസ് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിനായി ഓരോ വാർഡിനും പ്രത്യേകം സമയം നിർദേശിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഈ മാസം ഏഴു മുതൽ 13 വരെ സംഘടിപ്പിച്ച അയൽക്കൂട്ട തെരഞ്ഞെടുപ്പിലും കോവിഡ് മാനദണ്ഡങ്ങൾ ബാധകമാക്കിയിരുന്നു.