കോവിഡ് – 19 ബാധിതരായവരുടെ ഗൃഹപരിചരണം എങ്ങനെ നടത്താം എന്നതില്‍ ബോധവത്ക്കരണം നടത്തുന്നതിനായി കുടുംബശ്രീയുടെ പോസ്റ്റര്‍ പരമ്പര. കുടുംബശ്രീയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പോസ്റ്ററുകള്‍ നിരന്തരം പങ്കുവയ്ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഓരോ അംഗങ്ങളിലേക്കും ഈ പോസ്റ്ററുകള്‍ എത്തിച്ച് താഴേത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളല്ലാത്ത പൊതുജനങ്ങളും ഈ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നു.
കോവിഡ് -19 ബാധിതരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാസ്‌ക് ധരിക്കുമ്പോഴും കൈകള്‍ കഴുകമ്പോഴും കോവിഡ് രോഗിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍, കോവിഡ് രോഗിയുടെ ഗൃഹപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാസഹായം തേടേണ്ടതെപ്പോള്‍, ഗൃഹനിരീക്ഷണം അവസാനിപ്പിക്കേണ്ടതെപ്പോള്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും കുടുംബശ്രീ തയാറാക്കിയിരുന്നു.