ആറളത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ സംഘങ്ങള്‍. ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ലക്ഷ്മി, ബിന്ദു, ശാന്ത എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ട് വനിതാ നിര്‍മ്മാണ സംഘങ്ങള്‍ ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തയാറാക്കിയ ഈ ആദ്യ മൂന്ന് വീടുകളുടെ താക്കോല്‍ദാനം ജനുവരി 27ന് നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു.

560 മുതല്‍ 580 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 വീടുകള്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു വീടിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു വീട്.

ജ്വാല, കനല്‍ എന്നീ കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സിസിലി ജോസഫ് (പ്രസിഡന്റ്), നിഷ ജയപ്രകാശ് (സെക്രട്ടറി), ബിന്ദു ഷിബിനന്‍, വിമല ചന്ദ്രന്‍, കുമാരി സുബ്രഹ്മണ്യന്‍, നസീമ റഷീദ്, പാത്തുമ്മ എന്‍.എം എന്നിവരാണ് ജ്വാലയിലെ അംഗങ്ങള്‍. അശ്വതി ബാബു (പ്രസിഡന്റ്), കെ. പങ്കജാക്ഷി (സെക്രട്ടറി), സഫീറ, കെ. ലീല, ഷൈജ, ശ്രീജ, സെഫിയ, സക്കീന, ഷാഹിന എന്നിവര്‍ കനലിലെ അംഗങ്ങളും.

 സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയും കുടുംബശ്രീ കുടുംബാംഗവുമായ നിതിഷയുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ആറളം പുനരധിവാസ പദ്ധതി പ്രദശത്തെ ഭവന നിര്‍മ്മാണ രംഗത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ സംരംക്ഷിച്ച് അവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായ താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പിള്ളി, വാര്‍ഡ് അംഗം മിനി ദിനേശന്‍, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പി.പി. ഗിരീഷ്, കെ.വി. സന്തോഷ്, വി.വി അജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമാ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.