ഓക്‌സിലറി ഗ്രൂപ്പ് പരിശീലനങ്ങളും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോകളുമെല്ലാമായി ‘സ്ത്രീപക്ഷ നവകേരളം’ പുരോഗമിക്കുന്നു

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല  ബോധവത്ക്കരണ പരിപാടിയായ ‘സ്ത്രീപക്ഷ നവകേരള’ത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തിനൊന്നാകെ ബോധവത്ക്കരണം നല്‍കുകയും അത് മുഖേന സ്ത്രീധനത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങളും എ.ഡി.എസും സി.ഡി.എസും ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനങ്ങള്‍, യുവജന സംഘടനകള്‍, പ്രാദേശിക – സാമൂഹിക – രാഷ്ട്രീയ സംഘടനകള്‍ എന്നിവ വഴി സമൂഹത്തിന്റെ എല്ലാത്തട്ടിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  നടക്കുന്നത്.  

  കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന്റെ ആദ്യഘട്ടവും പോസ്റ്റര്‍ ക്യാമ്പെയ്‌നുകളും റീല്‍സ് വീഡിയോ മുഖേനയുള്ള പ്രചാരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

  പ്രത്യേകമായി തയാറാക്കിയ മൂന്ന് മൊഡ്യൂളുകള്‍ (സ്ത്രീധനവും അതിക്രമങ്ങളും, ജെന്‍ഡര്‍ ആന്‍ഡ് സെക്‌സ്, സേവനമേഖലയിലെ നിയമങ്ങള്‍) ആധാരമാക്കിയാണ് ഓക്‌സിലറി ഗ്രൂപ്പിലെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ ആദ്യ മൊഡ്യൂളിലെ ചര്‍ച്ച സംസ്ഥാനത്തെ 9000 ഓക്‌സിലറി ഗ്രൂപ്പുകളില്‍ നടന്നുകഴിഞ്ഞു.

   ഇതുവരെ 815 സി.ഡി.എസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയായി. റീല്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സമൂഹ മാധ്യമ പ്രചാരണത്തിലും ഏവരും ആവേശത്തോടെ പങ്കെടുക്കുന്നു.  പരിപാടിയുടെ ഭാഗമായുള്ള കലാജാഥയ്ക്കയുള്ള പരിശീലനവും ഓരോ ജില്ലയില്‍ നിന്നുമുള്ള മൂന്ന് പേര്‍ക്ക് വീതം നല്‍കിക്കഴിഞ്ഞു.

  ഇരുചക്ര വാഹന റാലികള്‍, വെബിനാര്‍, ചുവര്‍ചിത്ര ക്യാമ്പെയ്ന്‍, ഹ്രസ്വ ചിത്ര പ്രചാരണം, സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍, അഭിപ്രായ സര്‍വ്വേ തുടങ്ങിയ നിരവധി പരിപാടികൾ ‘സ്ത്രീപക്ഷ നവകേരള’ത്തിന്റെ ഭാഗമായി നടക്കും.