കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഇനി മുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനുമായും ചേര്‍ന്നാണ് അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി കുടുംബശ്രീ നടപ്പിലാക്കി വരുന്നത്.
2022-23 വര്‍ഷത്തേക്ക് അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘ജീവന്‍ദീപം ഒരുമ’ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലാണ് മറ്റൊരു ആനുകൂല്യം കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം മൂലം സംഭവിക്കുന്ന സ്ഥിര അംഗവൈകല്യത്തിന് 25,000 രൂപ പരിരക്ഷ ലഭിക്കുന്നതാണ് ഈ ആനുകൂല്യം.
2021-22 സാമ്പത്തിക വര്‍ഷത്തെ ജീവന്‍ദീപം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി ഗുണഭോക്താക്കളായ 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാകാം. പുതുതായി ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാനുള്ള തീയതി പിന്നീട് അറിയിക്കും.
345 രൂപയാണ് ഇന്‍ഷ്വറന്‍സ് പ്രീമിയം തുക. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 1 ലക്ഷം രൂപയും 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 10,000 രൂപയുമാണ് കവറേജ്. അപകടമരണമാണ് സംഭവിക്കുന്നതെങ്കില്‍ 50,000 രൂപയുടെ കൂടി കവറേജ് ലഭിക്കും.