കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്തൽ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൂർത്തിയായി.

16,55,261 ഭാരവാഹികൾ കുടുംബശ്രീയുടെ നേതൃനിരയിലേക്ക്…

കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്  ജില്ലകളിലെ തെരഞ്ഞെടുപ്പ് 18ന് പൂര്‍ത്തീകരിച്ചു. ഈ ജില്ലകളിലെ ഭാരവാഹികള്‍ തിങ്കളാഴ്ച (21-2-2022) ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള 1070 സി.ഡി.എസുകളില്‍ 1069 ലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇതോടൊപ്പം അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 733 അയല്‍ക്കൂട്ടങ്ങള്‍,  133 ഊരുസമിതികള്‍, നാല് പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുത്തവരും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 16,55,263 വനിതകള്‍ കുടുംബശ്രീ ത്രിതല സമിതിയുടെ ഭാരവാഹികളാവും.
 
കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്തുന്നതിന് മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴിനാണ് ആരംഭിച്ചത്. ഇതു പ്രകാരം അയല്‍ക്കൂട്ടതലത്തില്‍ 14,16,675 ഉം, എ.ഡി.എസ്തലത്തില്‍ 2,14,005 ഉം ഭാരവാഹികളെ കണ്ടെത്തി. സി.ഡി.എസ് തലത്തില്‍ 1068 അധ്യക്ഷമാരും 1068 ഉപാധ്യക്ഷമാരും ഉള്‍പ്പെടെ 19453 ഭാരവാഹികളാണ് കുടുംബശ്രീ സംവിധാനത്തിലേക്ക് വരിക. കൂടാതെ അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളിലും ഊരുസമിതികളിലും തെരഞ്ഞെടുപ്പ് നടത്തിയതു വഴി 5128  വനിതകള്‍ ചുമതലയേറ്റിട്ടുണ്ട്.

ജനുവരി 25ന് 1070 കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി 26ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലകളെ എ.ബി,സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ എട്ടു ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.  ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള ഇടമലക്കുടിയില്‍ കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.