എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ജോലിയും നേടി വിദ്യാര്‍ത്ഥികള്‍

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ ഭാഗമായി എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനാര്‍ത്ഥികള്‍.

  കുടുംബശ്രീയുടെ ഡി.ഡി.യു-ജി.കെ.വൈ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സിയായ (പി.ഐ.എ) വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലവ് ഗ്രീന്‍ അസോസിയേഷന്‍ മുഖേന രണ്ട് ബാച്ചുകളിലായി ഈ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 70 വിദ്യാര്‍ത്ഥികള്‍ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ (എ.എ.എസ്.എസ്.സി) നടത്തുന്ന അസസ്‌മെന്റിലും മികച്ച സ്‌കോര്‍ നേടി വിജയം കൈവരിച്ചിരുന്നു. ഇവരില്‍ 44 പേര്‍ ഇതിനോടകം ജോലിയും നേടിക്കഴിഞ്ഞു.

എയര്‍ ഇന്ത്യ സാറ്റ്‌സ്, ബംഗളൂരു, ചെന്നൈ, കൊച്ചി എയര്‍പോര്‍ട്ടുകള്‍, ഗ്രൗണ്ട് ഗ്ലോബ് ഇന്ത്യ, സ്പീഡ്വിങ്‌സ് സര്‍വീസസ് എന്നിവിടങ്ങളിലായി കാര്‍ഗോ, റാമ്പ്, സെക്യൂരിറ്റി ഏജന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് ഇവര്‍ ജോലി സ്വന്തമാക്കിയത്.

ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കാണ് ഡി.ഡി.യു-ജി.കെ.വൈയുടെ ഭാഗമായി നൈപുണ്യ പരിശീലനം നേടാനാകുന്നത്. സ്ത്രീകള്‍, പ്രാക്തന ഗോത്രവിഭാഗക്കാര്‍, വൈകല്യമുള്ളവര്‍ എന്നിവരുടെ പ്രായപരിധി 45 വയസ്സുവരെയാണ്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍, ക്യാപ്പിറ്റല്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടാന്‍ കഴിയും. ഡി.ഡി.യു-ജി.കെ.വൈ കോഴ്‌സുകളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങള്‍ അറിയാന്‍ അതാത് കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ബന്ധപ്പെടുക.